ജമ്മു: ഒപ്പമുള്ളവര്‍ വെടിയേറ്റ് വീണാല്‍ പോലും പതറാതെ, കണ്ണുനിറയാതെ രാജ്യത്തിനുവേണ്ടി ധീരമായി മുന്നോട്ട് പോകുന്നവരാണ് സൈനികര്‍. എന്നാല്‍ 09 പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ധീരരായ പട്ടാളക്കാരുടെ പോലും കണ്ണുകളെ ഈറനണിയിച്ചിരിക്കുകയാണ് ഫാന്റം എന്ന നായയുടെ വേര്‍പാട്. കാരണം അവര്‍ക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു അവന്. കഴിഞ്ഞ ദിവസമാണ് ഭീകരരെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഫാന്റം വീരമൃത്യു വരിച്ചത്.
തിങ്കളാഴ്ചയാണ് ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഫാന്റത്തിന് വെടിയേറ്റത്. രാവിലെ ആറരയോടെ സേനയുടെ ആംബുലന്‍സിന് നേരെ ഭീകരാക്രമണമുണ്ടായി. സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.
പിന്നാലെ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ നിലവറയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ ഭീകരരെ കണ്ടെത്തിയതോടെ വെടിവെപ്പ് ആരംഭിച്ചു. ഇതിനിടെയാണ് തിരച്ചില്‍ സംഘത്തിന് വഴികാട്ടിയായിരുന്ന സൈനിക നായ ഫാന്റത്തിന് വെടിയേറ്റത്. അധികം വൈകാതെ ഫാന്റത്തിന് ജീവന് നഷ്ടമായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
'ഞങ്ങളുടെ ഹീറോ, ധീരനായ സൈനിക നായ ഫാന്റത്തിന്റെ അത്യുന്നതമായ ജീവത്യാഗത്തെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ സൈന്യം ഭീകരര്‍ക്കുനേരെ അടുക്കുമ്പോള്‍ ഫാന്റത്തിന് ശത്രുക്കളുടെ വെടിയേല്‍ക്കുകയായിരുന്നു. അവന്റെ ധൈര്യവും വിശ്വസ്തതയും സമര്‍പ്പണബോധവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല.' -ഫാന്റത്തിന് അന്ത്യാഭിവാദ്യമര്പ്പിച്ചുകൊണ്ട് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍ എക്സില്‍ കുറിച്ചു. ഫാന്റത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
ബെല്‍ജിയന്‍ മെലിനോയ്സ് വിഭാഗത്തില്‍പെട്ട നായയായ ഫാന്റം 2020 മേയ് 25-നാണ് ജനിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ റീമൗണ്ട് വെറ്ററിനറി കോറിലായിരുന്നു പരിശീലനം. ഇതിന് ശേഷം 2022 ഓഗസ്റ്റ് 12 മുതല്‍ ഫാന്റം സേനയുടെ ഭാഗമാണ്. നേരത്തേ 2022 ഒക്ടോബര്‍ ഒമ്പതിന് ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ സൈനിക നായയായ സൂം വീരമൃത്യു വരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.