തിരുവനന്തപുരം: നിയമസഭയിൽ നടന്ന ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശ്രമിക്കുന്നത്.
ഫോൺ ചോർത്തൽ, പൂരം കലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ പിണറായി വിജയൻ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
‘‘എഡിജിപിയെ പുറത്താക്കിയാൽ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അജിത് കുമാറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല. എന്നാൽ ഗൗരവതരമായ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച മാത്രമാണ് പ്രതിപക്ഷം വിഷയമാക്കുന്നത്.
പകരം വി.ഡി. സതീശന്റെ പേരിലുള്ള പുനർജനി കേസ് ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ പേരിലുള്ള എല്ലാ കേസുകളും ഒത്തുതീർപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് മറച്ചുവയ്ക്കാൻ വേണ്ടി മാത്രമാണ് നിയമസഭയിലെ നാടകങ്ങൾ’’ – സുരേന്ദ്രൻ പറഞ്ഞു.
കെ.ടി. ജലീൽ നടത്തിയ പരാമർശം ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്തെ പൗരൻമാർക്ക് മതപുരോഹിതൻമാരോടല്ല ഭരണഘടനയോടാണ് കൂറെന്ന് ജലീൽ മനസിലാക്കണം. സ്വർണക്കടത്തും ഹവാലയും നടത്തുന്നത് ഒരു സമുദായത്തിലെ അംഗങ്ങളാണെന്നാണ് ജലീൽ പറയുന്നത്.
മുസ്‌ലിം സമുദായത്തെ ആകമാനം അപമാനിക്കുകയാണ് ജലീൽ ചെയ്തത്. അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സിപിഎമ്മും കോൺഗ്രസും ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.