സ്റ്റോക്ക്‌ഹോം: 2024ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് ഗവേഷകർക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരൺ അസെമോഗ്ലു, സെെമൺ ജോൺസൺ, ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ അംഗീകാരം ലഭിച്ചത്.
ഓരോ രാജ്യവും സാമ്പത്തികമായി എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്നതിന്റെ കാരണങ്ങളാണ് ഇവർ പഠനത്തിലൂടെ ലോകത്തിന് മനസിലാക്കി കൊടുത്തതെന്ന് നൊബേൽ സമിതി പറയുന്നു. എന്തുകൊണ്ട് ചില രാജ്യങ്ങൾ അതിസമ്പന്നമായും ചിലത് അതിദരിദ്രമായും തുടരുന്നുവെന്നതിന്റെ കാരണമാണ് യൂറോപ്യൻ കോളനിവാഴ്ചക്കാരുടെ ഭരണകാല നയങ്ങളെ അടിസ്ഥാനമാക്കി മൂവരും വിശദീകരിച്ചത്.
ലോകത്തെ ഏറ്റവും സമ്പന്നമായ 20 ശതമാനം രാജ്യങ്ങളുടെ ആസ്തി ഏറ്റവും ദരിദ്രമായ 20ശതമാനം രാജ്യങ്ങളുടേതിനേക്കാൾ 30 മടങ്ങ് അധികമാണെന്ന് ഇവരുടെ പഠനം പറയുന്നു. ഓരോ രാജ്യത്തും രാഷ്ട്രീയ സംവിധാനങ്ങൾ രൂപപ്പെട്ടത് എങ്ങനെയെന്നും അവ സാമ്പത്തിക അഭിവൃദ്ധിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പഠനത്തിലുണ്ട്. ദ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചത്.
തൊഴിവിടങ്ങളിലെ ജെൻഡർ അസന്തുലിതാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ഹാർവാർഡ് സർവകാലശാല പ്രൊഫസർ ക്ലോഡിയ ഗോൾഡിനായിരുന്നു 2023ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ. സാമ്പത്തിക വിഭാഗത്തിൽ നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയായിരുന്നു ക്ലോഡിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.