കൊച്ചി: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം വേണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്നയാള് നടത്തിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ സമഗ്രമായ, തൃപ്തികരമായ അന്വേഷണം വേണം. ഈ പണം എവിടെനിന്ന് വന്നു. ആര് അയച്ചു. എങ്ങോട്ട് പോയി. എങ്ങോട്ട് പോകുന്ന പണമാണ് ഇത്. ഇതെല്ലാം അറിയാനുള്ള അവകാശമുണ്ട് ജനങ്ങള്‍ക്ക്. അതെല്ലാം പുറത്തെത്തും വിധത്തിലുള്ള സമഗ്രമായ അന്വേഷണം വേണം, ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയത്തിലെ നെറികേടുകളെ തുറന്നുകാണിക്കാനുള്ള അന്വേഷണങ്ങളൊന്നും ഇടയ്ക്കുവെച്ച് വഴിമാറിപ്പോകാൻ പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. എവിടെയാണോ പൂര്‍ത്തീകരണം അവിടേക്ക് പോകണം. ബി.ജെ.പിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്നയാള്‍ പറയുമ്പോള്‍ ആ പറച്ചിലിന്റെ പ്രധാന്യം ചെറുതല്ല. ബി.ജെ.പി എല്ലാം ഒളിച്ചുകടത്തും. സ്ഥാനാര്‍ഥിയെ മുതല്‍ കള്ളപ്പണംവരെ ഒളിച്ചുകടത്തും. ഒളിച്ചുകടത്തല്‍ ബി.ജെ.പിക്ക് ശീലമാണ്. അതിന് വേണ്ടി അവര്‍ ചാക്ക് ഉപയോഗിക്കും ആംബുലന്‍സ് ഉപയോഗിക്കും. ട്രക്ക് ഉപയോഗിക്കും, ബിനോയ് വിശ്വം പറഞ്ഞു.
പോലീസ്, ബി.ജെ.പിയെ സഹായിക്കുന്നുവെന്ന ആക്ഷേപത്തെ കുറിച്ചുള്ള ചോദ്യത്തിന്- ഇതിലൊന്നും ആര്‍ക്കും സംശയം വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസ് കുഴല്‍പ്പണം ആകട്ടെ, ആംബുലന്‍സിലെ കള്ളക്കടത്താകട്ടെ സ്ഥാനാര്‍ഥിയുടെ ഒളിച്ചുവരവാകട്ടെ എല്ലാ വിഷയങ്ങളിലും പോലീസ് ബി.ജെ.പിയുടെ ഭാഗത്തേക്ക് ഒരിക്കലും ചാഞ്ഞുപോകാന്‍ പാടില്ല, ചാഞ്ഞുപോകില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. നേതൃത്വത്തെ ഏറെ വിവാദത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായാണ് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അത് പാര്‍ട്ടി പണം തന്നെയായിരുന്നുവെന്നും തൃശ്ശൂരിലെ ഓഫീസില്‍ പണമെത്തിച്ചിരുന്നുവെന്നും സതീശ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചാക്കിലാണ് പണമെത്തിത്. ആദ്യം തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാല്‍ ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായതെന്നും സതീശ് പറഞ്ഞു. തിരഞ്ഞെടുപ്പ് ആവശ്യാര്‍ഥമുള്ള പണമായിരുന്നു അത്. തൃശ്ശൂരിലേക്കുള്ള പണം നല്കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു. പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നെന്നും സതീശ് പറഞ്ഞു.
നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരന് ധര്മജന് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യം പറയാനുണ്ടെന്നും പിന്നീട് പ്രതികരിക്കുമെന്നും സതീശ് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായപ്പോള്‍ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ അന്നത്തെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിലൂടെ വിഷയം വീണ്ടും വിവാദമാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.