കൊച്ചി : പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എഡ്‌സിപിഐ സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 25 മുതല്‍ ആരംഭിച്ച ജനജാഗ്രത കാംപയിൻ്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് അറിയിച്ചു.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സ്വർണ്ണ കടത്തുകളിൽ മലപ്പുറത്ത് നടക്കുന്നത് രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംഘപരിവാർ താല്പര്യങ്ങൾക്ക് വേണ്ടിയാണ്.
എന്നാൽ അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത പോലീസിൻ്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.അൻവറിനെ മതവും ജാതിയും പറഞ്ഞ് ഒറ്റപ്പെടുത്തി വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
എഡിജിപിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. തന്റെ ആരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തോടൊപ്പം തന്നെ പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് നിയമപരമല്ലാത്ത സമാന്തര അന്വേഷണം അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതായും എംഎല്‍എ ആരോപിക്കുന്നു.
തനിക്ക് തെളിവുകളും വിവരങ്ങളും എങ്ങനെ കിട്ടി, അതുമായി ബന്ധപ്പെട്ട പോലീസുകാര്‍ ആരൊക്കെ, വ്യക്തികള്‍ ആരൊക്കെ എന്നെല്ലാമാണ് സമാന്തരമായി ഇവര്‍ അന്വേഷിക്കുന്നതെന്നും ഭീഷണി മൂലം തെളിവ് തരാന്‍ തയ്യാറായ പലരും മടിച്ച് നില്‍ക്കുകയാണെന്നും എംഎല്‍എ വ്യക്തമാക്കുന്നു. തൃശൂര്‍ പൂരം സംഘര്‍ഷഭരിതമാക്കിയതില്‍ പോലീസിന്റെ പങ്ക് സംബന്ധിച്ച് ഘടകകക്ഷി നേതാവ് ശക്തമായ ഭാഷയില്‍ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല.
ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളുമായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തുകയും ഉന്നത യോഗങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് നീതി രഹിതവും വിവേചനപരവുമായി പോലിസ് കള്ളക്കേസുകള്‍ ചുമത്തി ന്യൂനപക്ഷ വിഭാഗങ്ങളെയുള്‍പ്പെടെ പീഡിപ്പിക്കുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ ഭീകരവല്‍ക്കരിക്കുന്നതിന് സ്വമേധയാ കേസുകള്‍ വര്‍ധിപ്പിക്കുന്നു.
കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട് ദുരൂഹമാണ്.പാലക്കാടും ആലപ്പുഴയിലും നടന്ന സംഭവങ്ങളില്‍ പോലീസ് കാണിച്ച വിവേചനവും പക്ഷപാതിത്വവും നീതിബോധമുള്ളവരെ അമ്പരപ്പിക്കുന്നതാണ്. ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ജീപ്പിലും സ്റ്റേഷനിലെ ഇരുട്ടുമുറിയിലും ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ആക്ഷേപിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
കൊലപാതകങ്ങളടക്കം പ്രമാദമായ പല കേസുകളും ആര്‍എസ്എസ് താല്‍പര്യത്തിനനുസരിച്ച് പോലീസ് ഒത്തുകളിച്ച് അട്ടിമറിച്ചതായും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, സംഘപരിവാറുകാര്‍ പ്രതികളായ കേസുകളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുപോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാവുന്നു. ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് കേരളത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന സമീപനം ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാകുന്നു. മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു.
എലത്തൂര്‍ തീവെപ്പു കേസിലെ കുറ്റാരോപിതനെ ഷെഹീന്‍ ബാഗുമായി ചേര്‍ത്ത് അജിത് കുമാര്‍ നടത്തിയ പ്രസ്താവന ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടേതാണ്. ഭരണകക്ഷി എംഎല്‍എ കൃത്യമായ തെളിവുകള്‍ നിരത്തുകയും ഘടക കക്ഷികളുള്‍പ്പെടെ ആക്ഷേപം ശരിവെക്കുകയും ചെയ്തിട്ടും എഡിജിപിയെ മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലി കൊടുക്കുന്ന ഒരു ദുരവസ്ഥയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
മുസ്ലിം ലീഗിന് കൂടുതല്‍ വോട്ട് ബാങ്കുള്ള മലപ്പുറം ജില്ലയ്ക്കെതിരേ പോലീസിന്റെ ആസൂത്രിത നീക്കങ്ങളുണ്ടായിട്ടും ലീഗ് നേതൃത്വം സമരരംഗത്തു വരാത്തത് നിഗൂഢമാണ്. ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വവുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തെയും കേരളത്തിന്റെ മതനിരപേക്ഷതയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനോ ജനങ്ങളെ ബോധവല്‍ക്കരിക്കാനോ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് അതുകൊണ്ടാണ്.
രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് ജില്ലയിൽ ഒരു മാസം നീളുന്ന പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനജാഗ്രതാ കാംപയിൻ്റെ ജില്ലാതല ഉദ്ഘാടനം 2024 ഒക്ടോബർ 4 വെള്ളി 6 PM ന് കോതമംഗലം നെല്ലിക്കുഴിയിൽ നടക്കുന്ന പൊതുയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നിർവഹിക്കും.
ക്യാമ്പയിൻ്റെ ഭാഗമായി വാഹന ജാഥകൾ, കോര്‍ണര്‍ യോഗങ്ങള്‍, പദയാത്രകൾ, ലഘുലേഖ വിതരണം, ഗൃഹ സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഷിഹാബ് പടന്നാട്ട് പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.