തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണു തീരുമാനം.
വെർച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തിരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.
ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.
ദേവസ്വം മന്ത്രി വി.എന്‍. വാസവന്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, ദേവസ്വം സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.