തിരുവനന്തപുരം: മലപ്പുറം പരാമര്‍ശവും ദേശവിരുദ്ധ പരാമര്‍ശവും ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്റേതായി പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് ‘ദ് ഹിന്ദു’ പത്രത്തിന്റെ നിലപാട് വീണ്ടും തള്ളി മുഖ്യമന്ത്രിയുടെ ഓഫിസ്. അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് പിആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയത്.
ഇതോടെ, പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ ഗുരുതരമായ വിവാദഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത് ആരു പറഞ്ഞിട്ടാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. അഭിമുഖത്തില്‍ വിവാദഭാഗം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതു പിആര്‍ ഏജന്‍സിയാണെന്നു പത്രം വ്യക്തമാക്കിയിരുന്നു.
2024 സെപ്റ്റംബറില്‍ ദ് ഹിന്ദു ദിനപത്രത്തിലും ഖലീജ് ടൈംസിലും മുഖ്യമന്ത്രിയുടെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചത് പിആര്‍ ഏജന്‍സി വഴിയാണോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രിയുടെ ഓഫിസ് ഒറ്റവരിയില്‍ ഉത്തരം നല്‍കിയത്. ഏത് ഏജന്‍സിയെയാണു നിയോഗിച്ചത്, ഏജന്‍സിക്കു പ്രതിഫലം നല്കുന്നതു സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണോ, പിആര്‍ ഏജന്‍സിയെ എന്തു മാനദണ്ഡം അനുസരിച്ചാണു തിരഞ്ഞെടുത്തത്, ഇതിനായി അപേക്ഷ ക്ഷണിക്കുന്നത് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ, കെയ്സന് എന്ന പിആര്‍ ഏജന്‍സിക്ക് 2016 മുതല്‍ സര്‍ക്കാര്‍ എത്ര രൂപ പ്രതിഫലമായി നല്കി, എന്തൊക്കെ സേവനങ്ങള്‍ക്കാണു പണം നല്‍കിയത് തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്.
എല്ലാ ചോദ്യങ്ങള്‍ക്കും ‘മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് പിആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല’ എന്ന ഉത്തരമായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ പിആര്‍ ഏജന്‍സിയാണു സമീപിച്ചിരുന്നതെന്നും അഭിമുഖ വേളയില്‍ പിആര്‍ ഏജന്‍സിയിലെ രണ്ടു പേര് ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു പത്രം വിശദീകരിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഹിന്ദു പത്രത്തെ തള്ളി രംഗത്തെത്തി.
അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. അഭിമുഖ സമയത്ത് ഒപ്പമുണ്ടായിരുന്നത് ഹരിപ്പാട് മുന്‍ എംഎല്‍എ ടി.കെ.ദേവകുമാറിന്റെ മകനും റിലയന്‍സ് ഉദ്യോഗസ്ഥനുമായ ടി.ഡി.സുബ്രഹ്മണ്യന് ആയിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.
മലപ്പുറത്തെ സ്വര്‍ണം, ഹവാലപ്പണം കടത്ത് സംബന്ധിച്ച് ഏറെ ഗൗരവകരമായ പ്രസ്താവന മുഖ്യമന്ത്രിയുടെ പേരില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചതു സംബന്ധിച്ചു നടപടി വേണമെന്ന പ്രതിപക്ഷത്തിന്റെയും ഗവര്‍ണറുടെയും ആവശ്യം സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തില്ല.
ആരുടെ നിര്‍ദേശപ്രകാരമാണു വിവാദഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്ന് അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിവാദ അഭിമുഖത്തില്‍ മുഖ്യമന്ത്രിയെ വിശ്വസിക്കണോ ഹിന്ദു പത്രത്തെ വിശ്വസിക്കണോ എന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യമാണ് ഇപ്പോഴും പ്രസക്തം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.