പുനലൂർ: ചെങ്കോട്ട – പുനലൂർ പാതയുടെ ഗേജ്മാറ്റത്തിന്റെ ഭാഗമായി വാളക്കോട് ദേശീയപാത കടന്നുപോകുന്ന ഭാഗത്ത് റെയിൽവേ സ്വന്തം നിലയിൽ കോടികൾ മുടക്കി കോൺക്രീറ്റ് തുരങ്കം നിർമിച്ചത് ഇപ്പോൾ സമാന്തര പാത നിർമിക്കുന്നതിന് അനുഗ്രഹമായി. ഇന്നലെ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മകരവിളക്കിനു മുൻപ് നിർമാണം പൂർത്തീകരിക്കത്തക്ക നിലയിലുള്ള സമാന്തര പാതയുടെ പ്രവൃത്തിയെക്കുറിച്ചു ചിന്തിക്കാൻ പോലും കാരണമായത് ഈ കോൺക്രീറ്റ് തുരങ്കമാണ്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധീനതയിൽ ഇവിടെ 4 മീറ്റർ വീതിയുള്ള കരിങ്കൽ പാലത്തിനു സമാന്തരമായി റോഡ് നിർമിക്കുന്നതിനു പകരം റെയിൽവേ മേൽപ്പാലം നിർമിക്കണമെങ്കിൽ ഉണ്ടാകേണ്ടിയിരുന്ന വർഷങ്ങൾ നീണ്ട നടപടിക്രമങ്ങൾ ഒഴിവായി വാഹന സഞ്ചാരം സുഗമമാക്കുന്ന പദ്ധതിക്കാണു റെയിൽവേ തുരങ്കം ഗുണം ചെയ്തത്. ഈ തുരങ്കം ഇല്ലെങ്കിൽ എഴുകോൺ ചീരങ്കാവിൽ നിർമിച്ചതുപോലെ കൂറ്റൻ മേൽപ്പാലം നിർമിക്കണമായിരുന്നു. കേരളത്തിന്റെ റെയിൽവേ വികസനം ഏകോപിപ്പിക്കുന്നതിന് അന്നു കേന്ദ്ര സർക്കാർ നിയോഗിച്ച റെയിൽവേ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡാനി തോമസ് നിർവഹണ ഉദ്യോഗസ്ഥൻ ആയിരിക്കെയാണ് ഇവിടെ തുരങ്കത്തിന്റെ നിർമാണം നടക്കുന്നത്. ഭാവിയിൽ മേൽപ്പാലം പോലെയുള്ള നിർമാണവുമായി ബന്ധപ്പെട്ട് ട്രെയിൻ ഗതാഗതത്തിനു തടസ്സം ഉണ്ടാകാതിരിക്കുന്നതിനാണ് അന്ന് ഈ തുരങ്കം നിർമിച്ചത്.
നിലവിലെ ദേശീയപാതയുടെ അലൈൻമെന്റ് മാറ്റം വരുത്തിയാലും ഏതു രീതിയിൽ ആണെങ്കിലും ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത നിലയിൽ റോഡോ പാലമോ നിർമിക്കാവുന്ന തരത്തിലാണ് 60 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് തുരങ്കം നിർമിച്ചിരിക്കുന്നത്. റെയിൽവേ വൈദ്യുതീകരണം അടക്കം മുന്നിൽ കണ്ട് ഉയരം ക്രമീകരിച്ചായിരുന്നു നിർമാണം. പാത ഇരട്ടിപ്പിക്കൽ ഒഴികെയുള്ള ഏതു റെയിൽവേ ട്രാക്ക് വികസന പ്രവർത്തനങ്ങൾക്കും സാധിക്കുന്ന നിലയിലാണു തുരങ്കം തീർത്തിരിക്കുന്നത്.
റെയിൽവേ ബോർഡിന്റെയും മന്ത്രാലയത്തിന്റെയും അംഗീകാരങ്ങൾ ലഭിച്ചാൽ മാത്രമേ പുതിയ മേൽപ്പാലം നിർമിക്കാൻ സാധിക്കു. ഇതിന് വർഷങ്ങളുടെ കാലതാമസം വേണ്ടിവരും. പുതിയ മേൽപ്പാലം നിർമിക്കണമെങ്കിൽ കൂടുതൽ ഭൂമി ഏറ്റെടുക്കലും കുടിയൊഴിപ്പിക്കൽ അടക്കമുള്ള നടപടികളും വേണ്ടിവരും. റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സ്ഥലം സന്ദർശനവും 2017 മുതൽ ഒട്ടേറെ എസ്റ്റിമേറ്റുകൾ തയാറാക്കലും തലസ്ഥാനത്തും ഡൽഹിയിലും അടക്കം കുറെ നീക്കങ്ങളും നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. സാങ്കേതിക തടസ്സങ്ങളായിരുന്നു പ്രശ്നം.
ഇപ്പോൾ ചുരുങ്ങിയ ചിലവിൽ ഒന്നരക്കോടി രൂപയിൽ താഴെ മാത്രം അടങ്കൽ പ്രതീക്ഷിക്കുന്ന നിലയിൽ സമാന്തര റോഡ് നിർമിക്കുവാൻ തത്വത്തിൽ അംഗീകാരം ആയത് റെയിൽവേ സ്വന്തം നിലയിൽ സ്വന്തം ട്രാക്കും കോംപൗണ്ടും സുരക്ഷിതമായി വേർതിരിച്ചു മാറ്റിയതിനാലാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വരുന്നതിനു മുൻപ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അധീനിതയിൽ ഈ ദേശീയപാത നിലനിൽക്കുമ്പോഴാണ് കോൺക്രീറ്റ് തുരങ്കം നിർമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.