ദില്ലി: ഹരിയാനയില്‍ ഇരുപതോളം മണ്ഡലങ്ങളില്‍ ഇവിഎം ക്രമക്കേടുണ്ടായതായി കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനിടെ കോണ്‍ഗ്രസ് നിലപാടിനോട് വിയോജിച്ച 'ഇന്ത്യ' മുന്നണിയിലെ സഖ്യ കക്ഷികള്‍ തോല്‍വിക്ക് കോണ്‍ഗ്രസിൻറെ ധാർഷ്ട്യം കാരണമായെന്ന് വിമർശിച്ചു.ഹരിയാനയില്‍ വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും 99 ശതമാനം ബാറ്ററി ചാർജ് കാണിച്ചു എന്ന പരാതിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഉന്നയിച്ചത്.
വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളില്‍ എങ്ങനെ 99 ശതമാനം ചാർജ്ജ് കാണിക്കും എന്നാണ് കോണ്‍ഗ്രസ് ഉയർത്തിയ ചോദ്യം. നിരവധി സീറ്റുകളില്‍ ഇത്രയും ചാർജ്ജ് കാണിച്ച മെഷീനുകളില്‍ വോട്ട് ബിജെപിക്ക് പോയെന്നും കെസി വേണുഗോപാലിൻറെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
തോല്‍വിക്ക് കോണ്‍ഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതില്‍ പുതുമയില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. കോണ്‍ഗ്രസ് വാദത്തോട് ഇന്ത്യ സഖ്യ കക്ഷികളും അകലം പാലിക്കുകയാണ്. കോണ്‍ഗ്രസിൻറെ ധാർഷ്ട്യവും മറ്റു കക്ഷികളെ അംഗീകരിക്കാത്ത നയവും തിരിച്ചടിയായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനെ തോല്‍പിച്ചതെന്ന് ശിവസേനയും പരസ്യമായി പ്രതികരിച്ചു.
ദില്ലിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി ആവർത്തിച്ചു. കോണ്‍ഗ്രസ് പരിശോധന നടത്തണമെന്ന് സിപിഎം പിബിയും ആവശ്യപ്പെട്ടു.ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ സഖ്യത്തില്‍ മേധാവിത്വം ഉറപ്പിക്കാൻ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളിലുള്ള അതൃപ്തി കൂടിയാണ് ഹരിയാനയിലെ വീഴ്ചയ്ക്കു ശേഷം പുറത്തേക്കു വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.