ആലപ്പുഴ: മകളെക്കുറിച്ചുള്ള നീറുന്ന ഓർമ്മകള്‍ക്കിടയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ മാതാപിതാക്കള്‍.
സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കാനുള്ള ക്ലിനിക്ക് ഈ മാസം പത്തിന് ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ പ്രവർത്തനം ആരംഭിക്കും.മകളില്ലെന്ന ദുഃഖം മകളുടെ ഓർമ്മകള്‍ കൊണ്ട് മറയ്ക്കുന്ന ഒരച്ഛനും അമ്മയും. മകളുടെ സ്വപ്നങ്ങള്‍ക്ക് പിറകെയാണ് അവരിപ്പോള്‍.
തൃക്കുന്നപ്പുഴയിലെ പല്ലനയാറിന്റെ തീരത്തെ അമ്മവീടിനടുത്ത് ഒരു ആശുപത്രി വന്ദനയുടെ സ്വപ്നമായിരുന്നു. ജീവിച്ചിരുന്നെങ്കില്‍ മകള്‍ അത് സാധ്യമാക്കുമെന്ന് അവർക്ക് അത്രമേല്‍ ഉറപ്പുള്ളൊരിടത്ത് അവള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ഡോ.വന്ദനാദാസ് മെമ്മോറിയല്‍ ക്ലിനിക്ക് നിർമ്മാണം പൂർത്തിയാക്കി.
വന്ദനയുടെ അമ്മ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക്ക് പണിതത്. സെപ്റ്റംബർ പത്തിന് വന്ദനയുടെ പിറന്നാള്‍ ദിനത്തിലാണ് ക്ലിനികിന്റെ ഉദ്ഘാടനം.
അധികം വൈകാതെ തന്നെ ചികിത്സയും ആരംഭിക്കും. സ്ഥിരമായി രണ്ട് ഡോക്ടർ മാരുടെ സേവനം ഉണ്ടാകും.
വന്ദനയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവർ ക്ലിനിക്കില്‍ സേവനം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർത്ഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്.
സന്ദീപിന് പരമാവധി ശിക്ഷ ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഈ മാതാപിതാക്കള്‍. മകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം അവളുടെ സ്വപ്നങ്ങളും നെഞ്ചോട് ചേർക്കുകയാണവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.