തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് മൂന്നുദിവസം ദുരിതാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. എകെജി സെൻററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, യെച്ചൂരിയുടെ മൃതദേഹം നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. നാളെ രാത്രി മുഴുവൻ കുടുംബാംഗങ്ങൾക്കും ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെക്കും. മറ്റന്നാൾ എകെജി ഭവനിൽ രാവിലെ 11 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം ഐംസിലേക്ക് മൃതദേഹം കൈമാറും.
യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക് തിരിക്കും.ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് യെച്ചൂരിയുടെ മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറാം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സർവേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ.എൻ.യുവിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. 1974-ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡൻറായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാനായില്ല.
അടിയന്തിരാവസ്ഥ കാലത്ത് 1975-ൽ അദ്ദേഹത്തിന്. 1978-ൽ എസ്എഫ്ഐയുടെ ദേശീയ ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ എസ്എഫ്ഐ ദേശീയ പ്രസിഡൻറായി. 1984-ൽ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ൽ മദ്രാസിൽ നടന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായി.
പിന്നീട് 2015-ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ടിൽ നിന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ൽ ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022-ൽ കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാം വട്ടവും പാർട്ടി ദേശീയ അധ്യക്ഷനായി. പീപ്പിൾസ് ഡെമോക്രാസി വാരികയുടെ എഡിറ്ററായിരുന്നു. 2005-ൽ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തക സീമ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവർത്തകൻ ആശിഷ് യെച്ചൂരി, ഡോ. അഖില യെച്ചൂരി, ഡാനിഷ് എന്നിവർ മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.