കൊൽക്കത്ത: വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സംശയിക്കുന്ന കൊൽക്കത്തയിലെ ആർ.ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് അറസ്റ്റിൽ.
അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആർ.ജി. കറിലെ അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ. നേരത്തെ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതാണ് കേസെടുത്തത്.
അഴിമതിക്കേസിൽ സന്ദീപ് ഘോഷിനെ സി.ബി.ഐ. സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയും ചെയ്തു. നേരത്തെ, വനിതാ ഡോക്ടറുടെ ബലത്സംഗക്കൊല അന്വേഷിക്കുന്ന സി.ബി.ഐ. സംഘം സന്ദീപ് ഘോഷിൻ്റെ നുണപരിശോധന നടത്തി. തുടർച്ചയായ 10 ദിവസത്തെ ചോദ്യം ചെയ്യലിൽ പല കാര്യങ്ങളും ഘോഷ് മറച്ചുപിടിക്കുന്നുണ്ടെന്ന് ബോധ്യമായതിനാലായിരുന്നു നുണപരിശോധന. ആരോപണവിധേയനായ ഡോക്ടറെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) സസ്‌പെൻഡ് ചെയ്തു.
സംഭവം മറച്ചുവെക്കാൻ പ്രിൻസിപ്പൽ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പി.ജി.ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു, വനിതാ പി.ജി ട്രെയിനി ഡോക്ടർ കൊല്ലപ്പെടുന്നത്. തുടർന്ന്, ഓഗസ്റ്റ് 12-നുതന്നെ ഡോ. സന്ദീപ് ഘോഷ് തൽസ്ഥാനത്തുനിന്ന് രാജിവെച്ചു. സമരംചെയ്യുന്ന ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു പ്രിൻസിപ്പലിൻ്റെ രാജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.