ഇസ്രായേൽ വ്യോമാക്രമണത്തിൽ അമേരിക്ക തലക്ക് 7 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്റൂത്ത്: വെള്ളിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാണ്ടർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഹിസ്ബുള്ളയുടെ ഓപ്പറേഷൻസ് കമാണ്ടർ ഇബ്രാഹിം അഖിൽ ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഉന്നത സംഘമായ റദ്‌വാൻ യൂണിറ്റിൻ്റെ യോഗം ചേരുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. കൂടെയുണ്ടായിരുന്നവരും മരിച്ചതായാണ് വിവരം. പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 

നൂറിലേറെ റോക്കറ്റുകളാണ് വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുല്ല തൊടുത്തുവിട്ടത്. സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം അറിയിച്ചു.ബൈറൂമിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായും 59 പേർക്ക് പരിക്കേറ്റതായും ലബനീസ് ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രണ്ട് കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഇതിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. ഫുആദ് ഷുക്കൂറിന് പിറകെ ഇബ്രാഹിം അഖിലും മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്. ജൂലൈയിൽ ഉന്നത സൈനിക കമാൻഡർ ഫുആദ് ഷുക്കൂർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

ഇബ്രാഹിം അഖിലിൻ്റെ തലയ്ക്ക് 7 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 1983ൽ ലബനാനിലെ യു.എസ് എംബാസിക്ക് നേരെയുണ്ടായ ആക്രമണത്തിലും മറൈൻ ബാരക്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു. എംബസി ആക്രമണത്തിൽ 63 പേർ മറൈൻ ബാരക്ക് ആക്രമണത്തിൽ 241 പേർ കൊല്ലപ്പെട്ടു.ഹിസ്ബുള്ളയുടെ സൈനിക ഓപ്പറേഷനുകളുടെ തലവനാണ് അഖിൽ എന്നാണ് ഇസ്രായേലി സൈന്യം പറയുന്നത്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് വടക്കൻ ഇസ്രായേലിലെ ഗലീലിയെ ആക്രമിക്കുന്നതെന്നും സൈന്യം പറയുന്നു. 

1980-ൽ ഇദ്ദേഹം ഹിസ്ബുള്ളയുടെ ഭാഗമാകുന്നത്. ലബനാൻ പുറത്തുള്ള ആക്രമണങ്ങൾക്ക് ഇബ്രാഹിം അഖിലായിരുന്നു നേതൃത്വം നൽകിയിരുന്നത്. വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും ഇസ്രായേലി സൈന്യം ആരോപിക്കുന്നു. 2004 മുതൽ ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളുടെ തലപ്പത്തെത്തി. ഇസ്രായേലിനെ ആക്രമിക്കാൻ ചുമതലയുള്ള റദ്‌വാൻ ഫോഴ്‌സിൻ്റെ കമാണ്ടറും അഖിലാണെന്ന് ഇസ്രായേലി സൈന്യം ചേർത്തു.ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ലയുമായി ഏറെ അടുത്ത ബന്ധമുള്ളയാളാണ് ഇദ്ദേഹം. അതിനാല് തന്നെ അഖിലിൻ്റെ മരണം ഹിസ്ബുള്ളക്ക് വലിയ തിരിച്ചടിയാണ്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേജ്,വാക്കി-ടോക്കി സ്ഫോടനങ്ങൾ ഹിസ്ബുള്ളയുടെ സുരക്ഷാ സംവിധാനങ്ങളെ തന്നെ ചോദ്യം ചെയ്യുകയായിരുന്നു. ഹിസ്ബുല്ലക്കകത്ത് ഇസ്രായേലി അധികൃതർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒടുവിലത്തെ ഉദാഹരണമാണ് ഇബ്രാഹിൽ അഖിലിൻ്റെ കൊലപാതകവും. വ്യക്തമായ വിവരം ലഭിച്ചതിൻ്റെ യോഗം ചേരുന്നതിനിടെ കെട്ടിടത്തിൽ ഇസ്രായേൽ ബോംബിടുന്നത്.എങ്ങനെ പുറത്താക്കും ചാരന്മാരെ? യുദ്ധത്തിനിടയിലും തങ്ങൾക്കിടയിലുള്ള ചാരൻമാരെ പുറത്താക്കാൻ ഭാരിച്ച പണിയാണ് ഹിസ്ബുല്ലക്ക് മുന്നിലുള്ളതെന്ന് മിഡിൽ ഈസ്റ്റ് ഇൻസിറ്റ്യൂട്ടിലെ വിദഗ്ധ റൻഡ സ്ലിം പറയുന്നു. ഇത് ചെയ്യാൻ അവർ ഏറെ ബുദ്ധിമുട്ടും. 

ഒക്ടോബർ ഏഴിന് മുമ്പ് ഹമാസിനകത്തെ ഇസ്രായേലി ചാരന്മാരെ ഇല്ലാതാക്കാൻ യഹ്‌യ സിൻവാർ ഏറെക്കാലം പണിയെടുത്തിരുന്നുവെന്നും റൻഡ സ്ലിം കൂട്ടിച്ചേർത്തു. ബൈറൂത്തിലെ ആക്രമണശേഷം വൻ തിരിച്ചടിയാണ് ഹിസ്ബുല്ല നൽകിയത്. വടക്കൻ ഇസ്രായേലിൽ വലിയ രീതിയിലുള്ള അപായ സൈറണുകളാണ് മുഴങ്ങിയത്. വടക്കൻ ഇസ്രായേലിലെ പ്രധാന ഇൻറലിജൻസ് ആസ്ഥാനം തങ്ങളുടെ കത്യുഷ റോക്കറ്റ് ഉപയോഗിച്ച് ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു.അതേസമയം, ബൈറൂത്ത് ആക്രമണത്തെ കുറിച്ച് അമേരിക്കയെ ഇസ്രായേൽ അറിയിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.

അമേരിക്കൻ പൗരന്മാർ ലബനാനിലേക്ക് പോകുമെന്നും അവിടെയുള്ളവർ ഉടൻ മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിസ്ബുല്ലക്കെതിരായ ആക്രമണത്തെ ഭൂരിഭാഗം ഇസ്രായേലികളും പിന്തുണക്കുന്നതായുള്ള സർവേ പുറത്തുവന്നിട്ടുണ്ട്. വലിയൊരു യുദ്ധത്തിലേക്ക് പോകാൻ സാധ്യതയുണ്ടെങ്കിലും ഹിസ്ബുല്ലക്കെതിരായ ആക്രമണത്തെ 60 ശതമാനം പേർ പിന്തുണയ്ക്കുകയാണ്. അതേസമയം, മേഖലയിൽ അസ്ഥിരത വർദ്ധിക്കുമെന്ന ഭയം കാരണം 20 ശതമാനം പേർ ഇതിനെ എതിർക്കുന്നതായും ഇസ്രായേലി പത്രമായ മാരിവിൻ്റെ സർവേ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !