തിരുവനന്തപുരം :കാലത്തിന്റെ മാറ്റത്തിൽ മക്കൾക്ക് അച്ഛനമ്മമാരെ വേണ്ടാതായിരിക്കുന്നു. എല്ലാവരും അവരവരിലേക്കു ചുരുങ്ങുകയാണ്. സിനിമയെയും അതു ബാധിച്ചിരിക്കുന്നു.’-
മുത്തശ്ശിമാരില്ലാത്ത ന്യൂജനറേഷൻ സിനിമകളുടെ കാലത്ത് കവിയൂർ പൊന്നമ്മ ഒരിക്കൽ പരിഭവപ്പെട്ടി തുറന്നു.1969 ൽ ‘ആറ്റംബോംബ്’ എന്ന ചിത്രത്തിൽ 12 മക്കളുള്ള ഡോളിലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അത് ഹാസ്യവേഷമായിരുന്നു.
1964 ൽ പുറത്തിറങ്ങിയ ‘കടുംബിനി’യിലെ മാതൃകാ അമ്മയാണ് പിൽക്കാലത്തേക്കുള്ള പൊന്നമ്മയുടെ തിരജീവിതത്തെ ചിട്ടപ്പെടുത്തിയതെന്നു പറയാം. 19–ാം വയസ്സിൽ പൊന്നമ്മ ഏറ്റെടുത്ത ആ അമ്മ കഥാപാത്രം കേരളീയ കുടുംബങ്ങളെ ചുറ്റിപ്പറ്റിയുള്ള കപടബോധങ്ങളാൽ മെനഞ്ഞതായിരുന്നു.കുടുംബത്തിലെ മഹാലക്ഷ്മി, അമ്മായിയമ്മയുടെ മുറുമുറുപ്പകളെ അതിജീവിക്കുകയും നാത്തൂൻ പോരു സഹിക്കുകയും ചെയ്യുന്ന പുതുപ്പെണ്ണ്, ഭക്തയായ ഉത്തമ പത്നി... ഒടുവിൽ ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കു ചോര നൽകി ജീവൻ വെടിയുന്ന ലക്ഷ്മി എന്ന ആ കഥാപാത്രം പൊന്നമ്മയ്ക്ക് കേരളത്തിലെ കുടുംബങ്ങളുടെ പൂമുഖത്തു കസേരയിട്ടുകൊടുത്തു.
തൊട്ടടുത്ത വർഷം കേശവദേവിന്റെ ‘ഓടയിൽനിന്ന്’ (1965) കെ.എസ്.സേതുമാധവൻ സിനിമയാക്കിയപ്പോൾ കല്യാണിയെന്ന പ്രധാന കഥാപാത്രം പൊന്നമ്മയ്ക്കാണു നീക്കിവച്ചത്. പിന്നാലെ പിഎൻ.മേനോന്റെ ‘റോസി’യിൽ നായികയായി. പ്രസവാനന്തരം മരണത്തിനു കീഴടങ്ങുന്ന ആ കഥാപാത്രവും പൊന്നമ്മയുടെ കൈയിൽ ഭദ്രമായിരുന്നു. അതേവർഷം തന്നെ, ‘തൊമ്മന്റെ മക്കളി’ൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിക്കാൻ പൊന്നമ്മ, കാണിച്ച ധീരതയാണ് പിന്നീട് അമ്മവേഷങ്ങളിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്.
1984 ൽ ഇതേ സിനിമ ‘സ്വന്തമെവിടെ,ബന്ധമെവിടെ’ എന്ന പേരിൽ റീമേക്ക് ചെയ്തപ്പോഴും പൊന്നമ്മയ്ക്കു തന്നെയായിരുന്നു ഈ കഥാപാത്രം. മക്കൾക്കുവേണ്ടി ജീവൻ കളയുന്ന അമ്മയായി തുടരെ അഭിനയിക്കുന്നതിനിടയിലും വേറിട്ട അമ്മവേഷങ്ങൾ പൊന്നമ്മയെ തേടിയെത്തിയതു ഭാഗ്യമായി.
‘നിഴലാട്ട’ത്തിൽ (1970) രോഗിയായി കട്ടിലിൽ കിടന്നു ഭർത്താവിനെ ശപിക്കുന്ന അമ്മ മനസ്സിനെ അവതരിപ്പിച്ച പൊന്നമ്മതന്നെയാണു ‘തിങ്കളാഴ്ച നല്ല ദിവസ’ത്തിലെ ജാനകിയായി തൊടിയിലെ മരങ്ങളെ ഭർത്താവിന്റെയും മക്കളുടെയും പേരിട്ടുവിളിച്ച് പക്വതയാർന്ന അഭിനയം കാഴ്ചവച്ചത്.
മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങളിൽ (1982) ഉണ്ണിയെ കാത്തിരിക്കുന്ന മുത്തശ്ശി, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഒരു പൈങ്കിളിക്കഥയിൽ (1984) അച്ഛനുമായി ഇടഞ്ഞുനിൽക്കുന്ന കണ്ണനെ രഹസ്യമായി പിന്തുണയ്ക്കുന്ന പൊന്നി, നഖക്ഷതങ്ങളിലെ(1986)യും നന്ദനത്തിലെയും ഗുരുവായൂർ ഭക്തയായ മുത്തശ്ശി, റൺവേയിലെ വാളയാർ പരമശിവത്തിന്റെ അമ്മ തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധേയം.
ഹിസ് ഹൈനസ് അബ്ദുള്ള(1990)യിലെ മരിച്ചുപോയ മകൻ ഉണ്ണിയെ കാത്തിരിക്കുന്ന ഭാഗീരഥി തമ്പുരാട്ടി, തേന്മാവിൻ കൊമ്പത്തിലെ യശോദാമ്മ, ചെങ്കോലിലെയും ഭരതത്തിലെയും ബാബാ കല്യാണിയിലെയും വടക്കുംനാഥനിലെയും അമ്മ തുടങ്ങിയവയും പൊന്നമ്മ നിറഞ്ഞാടിയ വേഷങ്ങളാണ്.
1975 ൽ പുറത്തിറങ്ങിയ ‘പ്രവാഹം’ മുതൽ മക്കളെ ചോറൂട്ടുന്ന രംഗമുണ്ടെങ്കിലും ‘തനിയാവർത്തന’ത്തിൽ മകന്റെ വായിൽ വിഷച്ചോറുരുള നൽകുന്ന അമ്മ വേറിട്ടുനിൽക്കുന്നു. ആറു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിൽ മലയാളസിനിമയിലെ നാലു തലമുറകൾക്കു കവിയൂർ പൊന്നമ്മ അമ്മയായിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണു തനിക്ക് ഏറ്റവുമിഷ്ടം എന്നു പൊന്നമ്മ പറഞ്ഞിട്ടുണ്ട്.
അമ്മയും മകനുമായുള്ള ഇരുവരുടെയും രസതന്ത്രം പ്രേക്ഷകരും അത്രയേറെ ആസ്വദിച്ചിരുന്നു.ഞാൻ ആദ്യമായി കാണുമ്പോൾ ലാലിന് 23 വയസ്സ്. അന്നു വികൃതിച്ചെക്കനായിരുന്നു. അതാണു ലാലിനോട് ഇഷ്ടവും വാത്സല്യവും തോന്നാൻ കാരണം. ഞങ്ങളുടെ ശരീരപ്രകൃതം കൊണ്ടാകാം പ്രേക്ഷകർക്ക് എന്നെയും ലാലിനെയും അമ്മയും മകനുമായി കാണാൻ ഇഷ്ടം.
മോഹൻലാലിനൊപ്പം മാത്രമേ അമ്മയായി അഭിനയിക്കാവൂ എന്ന് ചിലരൊക്കെ അധികാരത്തോടെ പറയുന്നതു കേൾക്കുമ്പോൾ ചിരി വരും. നാട്ടിൻപുറങ്ങളിലെ ചില ക്ഷേത്രത്തിൽ സപ്താഹത്തിന് ചെല്ലുമ്പോൾ ‘മോനെ കൊണ്ടുവന്നില്ലേ’ എന്നു ചില സ്ത്രീകൾ ചോദിക്കും.
ആദ്യം എനിക്ക് മനസ്സിലായില്ല. എനിക്കു മോളാണെന്ന് പറയുമ്പോൾ,‘അല്ല മോനില്ലേ, ലാൽ.’ മോൻ തിരക്കിലായതിനാലാണ് വരാത്തതെന്നു ഞാൻ അപ്പോൾ പറയും. എന്റെ ഉദരത്തിൽ പിറക്കാതെ പോയ മകനാണ് താനെന്നു ലാൽ തന്നെ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
ഞാൻ പ്രസവിച്ചില്ലെങ്കിലും ലാൽ എനിക്കു സ്വന്തം മകൻ തന്നെ’– ലാലുമായുള്ള ആത്മബന്ധം കവിയൂർ പൊന്നമ്മ തന്നെ മുൻപു വിവരിച്ചത് ഇങ്ങനെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.