നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ചും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണമുയര്‍ത്തിയും പി.വി അന്‍വര്‍ എംഎല്‍എ. ഇതുവരെ പി. ശശിക്കെതിരേ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിച്ചതെന്നും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തില്‍ നിന്നും ഒരു പങ്ക് പോലും ശശി പറ്റുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ പരാമര്‍ശിച്ച പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരും. മുഖ്യമന്ത്രിക്ക് ഉപദേശം നല്കുന്നവര് അദേഹത്തെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ നിലമ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ അധികവും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. എന്നാല്‍ ഇക്കൂട്ടര്‍ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായാണ് തന്റെ പോരാട്ടം. ആ പോരാട്ടം തുടരുക തന്നെ ചെയ്യും.
മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാല്‍ ഇവിടെ മനോവീര്യം തകരുന്നവര്‍ താന്‍ പറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമാണ്.
സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസിലാക്കണം. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പോലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ചിലര്‍.
മലപ്പുറം എസ്.പി ആയിരുന്ന സുജിത്ത് ദാസിന്റെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യം അംഗീകരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍ അത് പുറത്ത് വിടുകയല്ലാതെ തനിക്ക് വേറെ മാര്‍ഗല്ലായിരുന്നു. മുഴുവന്‍ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. 10,000 രൂപയുടെ മരത്തടി കേസിനാണ് ഈ പോലീസ് ഉദ്യോഗസ്ഥന് എംഎല്‍എയുടെ കാലുപിടിക്കുന്നത്.
സ്വര്‍ണത്തിലെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തെറ്റിദ്ധാരണയാണ്. 182 കേസുകള്‍ പോലീസ് പിടിച്ചിട്ടുണ്ട്. ഈ സ്വര്‍ണക്കള്ളക്കടത്ത് തെളിയിക്കാന്‍ എന്താണ് മാര്‍ഗമുള്ളത്. ഇവരെ ചോദ്യം ചെയ്യണം. എത്ര സ്വര്‍ണമാണ് കൊണ്ടുവന്നതെന്നും പിന്നീട് എന്ത് നടന്നുവെന്നും കൃത്യമായി പരിശോധിക്കണം. വിമാനത്താവളത്തിന്റെ മുന്നില്‍ വെച്ചാണ് ഈ പിടിക്കുന്നത്. രാജ്യം അനുശാസിക്കുന്ന നിയമമനുസരിച്ച് അവര്‍ അത് കസ്റ്റംസിനെ അറിയിക്കണം. കാരണം ഇത് പിടിക്കേണ്ടത് അവരാണ്.
എന്നാല്‍ ഒരു കേസിലും വിവരം കൊടുത്തിട്ടില്ല. ഇക്കാര്യം പരിശോധിക്കണം. ഈ വിവരം കസ്റ്റംസിനെ അറിയിച്ചാല്‍ 20 ശതമാനം റിവാര്‍ഡുണ്ട്. അത് പോലീസിന്റെ സഹായത്തോടു കൂടി പുറത്തു നിന്നാണ് പിടിക്കുന്നതെങ്കില്‍ അവര്‍ക്കും ഇതില്‍ നിന്ന് പങ്കു ലഭിക്കും. എന്നാല്‍ ഈ റിവാര്‍ഡ് സുജിത്ത് ദാസിനും ടീമിനും വേണ്ട. ഈ കാര്യത്തില്‍ മുഖ്യമന്ത്രി വിശദമായി പഠിക്കേണ്ടതുണ്ട്. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് വിശ്വസിച്ചാണ് മുഖ്യമന്ത്രി ഈ പറയുന്നത്. എന്തുമാത്രമാണ് അദേഹത്തെ തെറ്റിദ്ധരിപ്പിച്ചത്.
എന്തും പിടിക്കാനുള്ള അധികാരം പോലീസിനുണ്ട്. അവര്‍ മണ്ണ് പിടിക്കുന്നില്ലേ, മരം പിടിക്കുന്നില്ലേ. എന്നാല്‍ പിടിച്ചാല്‍ പ്രതിയേയും തൊണ്ടി മുതലും കൈമാറണ്ടേടത്ത് കൈമാറണം. വഴിയില്‍ നിന്ന് സ്വര്‍ണം കിട്ടിയാല്‍ കളവാണെന്ന് സംശയിക്കാം. എന്നാല്‍, വിമാനത്താവളത്തിന്റെ മുറ്റത്ത് നിന്നും പിടിക്കുമ്പോള്‍ അത് കസ്റ്റംസിന് കൈമാറുകയാണ് ചെയ്യേണ്ടതെന്നും പി.വി അന്‍വര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.