മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റില്‍.
പെണ്‍കുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി. സുനില്‍കുമാർ (36) എന്നിവരെയാണ് മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പി. എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്.2024 ജനുവരിയില്‍ വടകരയിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. വിവാഹ ഇടനിലക്കാരനായി എഴുപതിനായിരം രൂപ കൈപ്പറ്റിയ സുനില്‍, കുട്ടിയുടെ ആധാർകാർഡിന്റെ പകർപ്പ് തിരുത്തിയാണ് തട്ടിപ്പുനടത്തിയത്.
നിയമത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്താണ് സുനില്‍ തട്ടിപ്പുനടത്തിയത്. കുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നറിഞ്ഞിട്ടും വിവാഹംചെയ്തതിനാലാണ് സുജിത്തിനെ പോലീസ് ഒന്നാംപ്രതി ചേർത്തത്.
വെള്ളിയാഴ്ച മീനങ്ങാടി പോലീസ് രജിസ്റ്റർചെയ്ത കേസ് ശനിയാഴ്ചയാണ് എസ്.എം.എസിന് കൈമാറിയത്. സുജിത്തിനെ ശനിയാഴ്ചതന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഞായറാഴ്ചയാണ് സുനിലിന്റെ അറസ്റ്റുരേഖപ്പെടുത്തിയത്. ഇരുവരെയും സുല്‍ത്താൻബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
പട്ടികവർഗവിഭാഗത്തില്‍പ്പെട്ട പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹംചെയ്യുന്നതുമായി ബന്ധപ്പെട്ട് മുൻപ് ഒട്ടേറെ കേസുകളുണ്ടായിരുന്നെങ്കിലും വിവാഹത്തിനു കൂട്ടുനിന്നതിന് ഇടനിലക്കാരൻ അറസ്റ്റിലായ സംഭവം മുൻപ് ഉണ്ടായിട്ടില്ല. പ്രായമേറിയിട്ടും വിവാഹം കഴിക്കാൻ സാധിക്കാതെ വരുന്ന ഇതരജില്ലകളില്‍പ്പെട്ടവരെ ചില ഇടനിലക്കാർ മുതലെടുക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പട്ടികവർഗത്തില്‍പ്പെട്ടവരുടെ അജ്ഞത മറയാക്കി പ്രായപൂർത്തിയാവാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും വിവാഹവും പുനർവിവാഹം നടത്തിക്കൊടുക്കുന്നതിനുപിന്നില്‍ പ്രവർത്തിക്കുന്ന ഇടനിലസംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.