തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതല്‍ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചർച്ചയായി.കണക്കുമായി ബന്ധപ്പെട്ടുയർന്ന വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാർ അഭിപ്രായപ്പെട്ടു. മെമ്മോറാണ്ടത്തിലെ വിവരങ്ങള്‍ റവന്യു മന്ത്രി കെ രാജൻ യോഗത്തില്‍ വിശദീകരിച്ചു.
ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാനും യോഗം തീരുമാനിച്ചു. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക.
പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കും. ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവര്‍ത്തനം ചെയ്യും.
ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്താനും യോഗം തീരുമാനിച്ചു. 1948-ലെ മിനിമം വേജസ് ആക്ടിൻ്റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനാണ് ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തുന്നത്. 2023-24 അടിസ്ഥാന വർഷം കണക്കാക്കി എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് സര്‍വ്വേ.
ഇതു സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണത്തിന് സംസ്ഥാനതല കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍-1, റിസര്‍ച്ച് അസിസ്റ്റന്‍റ്-1, എല്‍ഡി കമ്പയിലര്‍/ എല്‍ഡി ടൈപ്പിസ്റ്റ്-2 എന്നീ തസ്തികകള്‍ പതിനെട്ട് മാസത്തേക്ക് സൃഷ്ടിക്കും.
പുനര്‍വിന്യാസം വഴി ഈ തസ്തികകളിലേയ്ക്ക് നിയമനം നടത്തും. പ്രതിദിനം 600 രൂപ വേതനത്തില്‍ 22 ഫീല്‍ഡ് വർക്കർമാരെയും 18 മാസ കാലയളവിലേക്ക് നിയമിക്കും.
ആലുവ മുനിസിപ്പാലിറ്റിയില്‍ നാഷണല്‍ ആയുഷ് മിഷന്‍റെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോമിയോ ഡിസ്പെന്‍സറി ആരംഭിക്കാനും തീരുമാനിച്ചു. കരകൗശല വികസന കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡില്‍ മനേജിങ്ങ് ഡറയക്ടറായി ജി എസ് സന്തോഷിനെ നിയമിക്കും.
കോഴിക്കോട് സൈബര്‍പാര്‍ക്കിനോട് ചെര്‍ന്ന് കിടക്കുന്ന 20 സെന്‍റ് സ്ഥലം സൈബര്‍പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ഭരണാനുമതി നല്‍കി.
അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്ക് വേണ്ടി ഡ്രഡ്‌ജ് ചെയ്ത ഭാഗത്തെ സ്പോയില്‍ ദേശീയ പാത 66- ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നല്‍കും.
ഈ അനുമതി നല്‍കിയതിന് പൊതു താല്‍പര്യം മുന്‍നിര്‍ത്തി സാധൂകരണം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് ദേശീയപാതാ നിര്‍മ്മാണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന വ്യവസ്ഥയില്‍ റോയല്‍റ്റി, സീനിയറേജ് ചാര്‍ജ് എന്നിവയില്‍ ഇളവ് നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.