തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സർക്കാരിന് ജീവനക്കാരുടെ വക കനത്ത പ്രഹരം. ഇന്നലെ വരെ സിഎംഡിആർഎഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍ പുറത്തായി.
5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്. ഈ കണക്ക് നോക്കിയാല്‍ നാല് ദിവസത്തെ ശമ്ബളം സംഭാവനയായി അടുത്ത രണ്ടുമാസങ്ങളില്‍ ലഭിച്ചാല്‍ പോലും 200 കോടി തികയില്ല.സാലറി ചലഞ്ചിനെതിരെ സർക്കാർ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്ന പശ്ചാത്തലത്തില്‍ അതിന്റെ കണക്കുകള്‍ സർക്കാർ പുറത്ത് വിട്ടിരുന്നില്ല. ഇത് പുറത്ത് വിടാതിരിക്കുന്നതിനിടെയാണ് ട്രഷറി രേഖകള്‍ പുറത്തായത്.
ഇത് പ്രകാരം 41 കോടി 20 ലക്ഷത്തോളം രൂപയാണ് ഇതുവരെ കിട്ടിയത്. ഇത് ഒരു ദിവസത്തെ ശമ്പളം നല്‍കിവരുടെ മാത്രം കണക്കായിരുന്നെങ്കില്‍ സർക്കാരിന് ആശ്വസിക്കാമായിരുന്നു. പക്ഷെ ലീവ് സറണ്ടർ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41 കോടി.
വയനാട് പുനരധിവാസത്തിനായി 5 ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് സർക്കാർ ജീവനക്കാർ സംഭാവന ചെയ്യേണ്ടത്. സെപ്റ്റംബറില്‍ നല്‍കുന്ന ഓഗസ്റ്റിലെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തേയും അടുത്തമാസങ്ങളില്‍ രണ്ടുദിവസത്തേയും ശമ്പളവീതം പരമാവധി മൂന്നുഗഡുക്കളായി പണം നല്‍കാമെന്നായിരുന്നു നിർദേശം.
ഒന്നോ രണ്ടോ ഗഡുക്കളായും ഒടുക്കാമെന്നും അഞ്ചുദിവസത്തില്‍ കൂടുതലുള്ള ശമ്പളവും നല്‍കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ 500 കോടി രൂപ സ്വരൂപിക്കാമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടല്‍. പക്ഷെ സംഗതി പാളി. സാലറി ചലഞ്ചിനായി തുറന്ന സിഎംഡിആർഎഫ് വയനാട് എന്ന ട്രഷറി അക്കൗണ്ടിലേക്ക് ഇതുവരെ കിട്ടിയത് 41.2 കോടി രൂപമാത്രമാണ്.
സാലറി ചലഞ്ച് വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുള്ള സർക്കാരിന്റെ നീക്കത്തിന് ജീവനക്കാർ മറുപണി കൊടുത്തത് ലീവ് സറണ്ടർ എന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ്.
ധനവകുപ്പിന്റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചതിവിടെയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം കാലങ്ങളായി ലീവ് സറണ്ടർ ചെയ്ത് പണമാക്കാൻ നിലവില്‍ സർക്കാർ ജീവനക്കാർക്ക് അനുമതിയില്ല. എന്നാല്‍ സാലറി ചലഞ്ച് ചെയ്യാൻ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരുന്നു.
സാലറി ചലഞ്ച് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ പട്ടിക നോക്കുമ്പോള്‍ അധികം ലീവ് സറണ്ടർ പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്.
ഇങ്ങനെ അഞ്ചുദിവസത്തെ ശമ്പളം മുഴുവൻ ലീവ് സറണ്ടറായി ഒറ്റ ഗഡുവായി ജീവനക്കാർ അടച്ചു. ഫലത്തില്‍ കണക്കില്‍ പണമെത്തിയെങ്കിലും അക്കൗണ്ടില്‍ പണം ഇല്ലായെന്ന വൈരുദ്ധ്യത്തിലാണ് എത്തിച്ചത്. ഈ തുക ധനവകുപ്പ് നല്‍കേണ്ടി വരും.
സെപ്റ്റംബറില്‍ സാലറി ചലഞ്ചിലൂടെ ട്രഷറി അക്കൗണ്ടില്‍ വന്ന ഈ 41 കോടി രൂപ ഒരു ദിവസത്തെ ശമ്പളം നല്‍കിയവരുടെ തുക മാത്രമല്ല. ലീവ് സറണ്ടർ ചെയ്തും,
പിഎഫ് വായ്പയില്‍ നിന്ന് പണം നല്‍കിയവരുടെ സംഭാവന കൂടിയാണ്. അങ്ങനെ ചലഞ്ചിന്റെ ഭാഗമായവർ മുഴുവൻ ഒറ്റ ഗഡുവായി അഞ്ച് ദിവസത്തെ ശമ്ബളം നല്‍കി കഴിഞ്ഞു.
അതായത് ഇനി ലീവ് സറണ്ടർ, പിഎഫ് വായപാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തവരുടെ വകയായി സാലറി ചലഞ്ചിലൂടെ വരുന്ന നാല് ദിവസത്തെ ശമ്പളം മാത്രമാണ് ഫലത്തില്‍ ഇനി നേരിട്ട് കിട്ടാനുള്ളതെന്ന് സാരം.
ഒക്ടോബറിലും നവംബറിലും അക്കൗണ്ടിലേക്ക് വരുന്നത് ലീവ് സറണ്ടറും, പിഎഫ് സംഭവാനയും ഇല്ലാത്ത തുകയാണ്. ഇങ്ങനെ നോക്കിയാല്‍ സർക്കാർ പ്രതീക്ഷിച്ച തുകയുടെ പകുതി പോലും ലഭിക്കാനിടയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.