നേമം: പാപ്പനംകോട് ഇൻഷ്വറൻസ് ഏജൻസിയിലെ തീപിടിത്തത്തില്‍ മരിച്ച ബിനുവിന്റെ മൃതദേഹത്തിനു വേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് അഞ്ചാം ദിവസത്തിലേക്ക്
ഡി.എൻ.എ ഫലം പുറത്തുവരും മുൻപ് വീട്ടുകാർ ആവശ്യപ്പെട്ടാല്‍ മൃതദേഹം വിട്ടുകൊടുക്കുമെന്ന് നേമം പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് പാപ്പനംകോട്ടെ ഇൻഷ്വറൻസ് ഏജൻസിയിലെത്തി ഭാര്യ വൈഷ്ണയെ തീകൊളുത്തി കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്യുകയായിരുന്നു.
മരിച്ച വൈഷ്ണയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി ബുധനാഴ്ച തന്നെ ശാന്തികവാടത്തില്‍ സംസ്കരിച്ചിരുന്നു.
എന്നാല്‍ ബിനുവിന്റെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാനായില്ല. സാഹചര്യത്തെളിവുകളുടെയും സി.സി ടിവി ദൃശ്യങ്ങളുടെയും പിൻബലത്തിലാണ് മരിച്ച രണ്ടാമൻ ബിനുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
നിയമപരമായി ബിനുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കണമെങ്കില്‍ ഡി.എൻ.എ ടെസ്റ്റ് നടപടികള്‍ പൂർത്തിയാക്കണം.
സഹോദരന്റെ രക്തസാമ്പിള്‍ നേരത്തേ ശേഖരിച്ചെങ്കിലും അമ്മയുടേത് ഇന്നലെയാണ് കിട്ടിയത്. ഇത് ഫോറൻസിക് ലാബിലേക്ക് ഉടനെ അയച്ചിട്ടുണ്ട് നടപടികള്‍ പൂർത്തിയായശേഷം മാത്രമേ ആളെ ശാസ്ത്രീയമായി തിരിച്ചറിയാൻ സാധിക്കൂ.
എന്നാലും ,മരിച്ചത് ബിനുവാണെന്ന് പൊലീസിന് സംശയമില്ലാത്തതിനാല്‍ വീട്ടുകാർ മുന്നോട്ടുവന്നാല്‍ മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് നേമം എസ്.എച്ച്.ഒ ആർ.രഗീഷ് കുമാർ പറഞ്ഞു.
മകനെ നഷ്ടപ്പെട്ട് നാലുനാള്‍ കഴിഞ്ഞിട്ടും അവന്റെ ചേതനയറ്റ ശരീരം ഒന്ന് കാണാനോ അന്ത്യകർമ്മങ്ങള്‍ ചെയ്യാനോ കഴിയാത്ത തീരാവേദനയിലാണ് ബിനുവിന്റെ അമ്മയും സഹോദരങ്ങളും.
മകന്റെ വേർപാട് രോഗങ്ങളും പരാധീനതകളുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന കേശവപ്പണിക്കർക്കും സരോജത്തിനും താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.