തിരുവനന്തപുരം: ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്നും വെല്ലുവിളികള്‍ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരല്‍മല സ്വദേശി ശ്രുതിക്ക് വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായെന്ന വാർത്ത ഏറെ വേദനാജനകമാണ്.ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും ഫേസ്ബുക്കില്‍ മുഖ്യമന്ത്രി കുറിച്ചു.
ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോള്‍ നല്‍കാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.
കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം.
ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ശ്രുതിയ്ക്ക് നേരിടേണ്ടി വരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരല്‍മല സ്വദേശി ശ്രുതിക്ക് വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്.
കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോള്‍ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്.
ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോള്‍ നല്‍കാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.