റിയാദ്: സൗദി ബാലൻ മരിച്ച കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‍ദുള്‍ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായ ഹർജിയില്‍ പൊതുവാദം കേള്‍ക്കല്‍ ഒക്ടോബർ 17 ന്.
റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കുമെന്ന് റഹീം സഹായ സമിതി ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.വധശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമിന്‍റെ കേസ് ഫയല്‍ പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്.
അതിന്മേലുള്ള തുടർ നടപടികള്‍ക്കും മോചന ഹരജിയില്‍ വാദം കേള്‍ക്കാനുമാണ് ഒക്ടോബർ 17 ന് രാവിലെ കോടതി സമയം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും റഹീമിന്‍റെ കുടുംബം അധികാരപ്പെടുത്തിയ പ്രതിനിധിയും കോടതിയില്‍ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികള്‍ പറഞ്ഞു.
വാദി ഭാഗത്തിന് 15 മില്യണ്‍ റിയാലിന്‍റെ ദയാധനം നല്‍കിയതോടെ സ്വകാര്യ അവകാശമായിരുന്ന വധശിക്ഷ ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് റദ്ദ് ചെയ്തിരുന്നു.
ഇനി പബ്ലിക് റൈറ്റ്സിന്മേലാണ് കോടതിയില്‍നിന്ന് തീർപ്പുണ്ടാകേണ്ടത്. 18 വർഷത്തിലധികം തടവുശിക്ഷ അനുഭവിച്ചതിനാല്‍ പബ്ലിക് റൈറ്റ്സിലെ പരമാവധി ശിക്ഷ പൂർത്തിയായിട്ടുണ്ട്. ഇനി മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 17 ഈ കേസിന് നിർണായക ദിനമാണ്.
കഴിഞ്ഞദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി പുതിയ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചിരുന്നു. അടുത്ത കോടതി സിറ്റിങ്ങിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താൻ അബ്‍ദുള്‍ റഹീമിന്‍റെ വക്കീല്‍ ഒസാമ അല്‍ അമ്പർ, റഹീമിന്‍റെ കുടുംബപ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു
മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറല്‍ കണ്‍വീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാല്‍, ചീഫ് കോഓഡിനേറ്റർ ഹർഷദ് ഫറോക്ക്, വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ പറഞ്ഞു.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉയർന്നുവരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാൻ സമയം ആയിട്ടില്ലെന്നും റഹീം പുറത്തിറങ്ങുക എന്ന ലക്ഷ്യം തെറ്റിക്കുന്ന ഒരുതരം വിവാദങ്ങള്‍ക്കും തല്‍ക്കാലം ചെവിക്കൊടുക്കുന്നില്ലെന്നും സമിതി പറഞ്ഞു. റഹീമിന്‍റെ മോചന ഉത്തരവ് കിട്ടിയാല്‍ ഉടൻ ജനകീയ സമിതി വിളിച്ചു
തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും സമിതിക്ക് മുന്നില്‍ വിവരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ജനറല്‍ കണ്‍വീനർ അബ്‍ദുള്‍ വല്ലാഞ്ചിറ, ഷക്കീബ് കൊളക്കാടൻ, സുരേന്ദ്രൻ കൂട്ടായി, മീഡിയ കണ്‍വീനർ നൗഫല്‍ പാലക്കാടൻ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.