മലപ്പുറം: വിവാദങ്ങൾക്കിടെ ഫെയ്സ്ബുക്കിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം നീക്കി നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങൾക്കൊപ്പമുള്ള ചിത്രമാണ് അൻവർ പങ്കുവച്ചത്.
നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവർചിത്രമായി നൽകിയിരുന്നത്.സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശത്തെ തുടർന്ന് അൻവർ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കവർ ചിത്രം നീക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അൻവറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.
എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയായിരുന്നു അൻവറിന്റെ ആരോപണം. എന്നാൽ പി ശശിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തി.
കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറഞ്ഞ മുഖ്യമന്ത്രി, അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നൽകി.
പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതിനു മറുപടിയുമായി അൻവർ രംഗത്തെത്തി.
പിന്നാലെയാണ് അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണ്.
അൻവർ പരസ്യ പ്രസ്താവന അവസാനിപ്പിക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്. ഇതോടെയാണ് പാർട്ടി നിർദേശം ശിരസാ വഹിക്കുന്നുവെന്ന് അൻവർ വ്യക്തമാക്കിയത്. താൻ പാർട്ടി വിടില്ലെന്നും കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.