കോഴിക്കോട്: അമ്മ ഒഴികെ കുടുംബത്തിലെ എല്ലാവരേയും നഷ്ടപ്പെട്ട അവ്യക്ത് ഒരു മാസത്തിന് ശേഷം ഒറ്റമുറി വാടക വീട്ടിലേക്കാണ് മടങ്ങുന്നത്. ഉരുള്‍ എല്ലാം തകർത്തെറിഞ്ഞ വെള്ളാർമലയില്‍ നിന്നുമാണ് അവ്യക്തിനെ രക്ഷാ പ്രവർത്തകർ കണ്ടെത്തിയത്.
ചളിയില്‍ പുതഞ്ഞ്, ദേഹമാകെ മുറിഞ്ഞ്, ജീവൻ മാത്രമായിരുന്നു ബാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോഴും പ്രതീക്ഷകള്‍ കുറവായിരുന്നു. ആന്തരികാവയവങ്ങളില്‍ ചളിയും മണ്ണും കയറി. തലയ്ക്കും കൈക്കും കാലിനും പരുക്ക്. അതീവ ഗുരുതരാവസ്ഥയില്‍ നിന്നാണ് ഒരു മാസത്തിനിപ്പുറം ചിരിച്ചുകൊണ്ടുള്ള മടക്കം.ജൂലൈ 29 ന് വെള്ളാർമലയിലെ വീട്ടില്‍ അച്ഛനും അമ്മക്കും സഹോദരിക്കും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം കിടന്നുറങ്ങിയതാണ്. അമ്മ ഒഴികെ ബാക്കിയുള്ളവരെയെല്ലാം ഉരുളെടുത്തത് കുഞ്ഞ് മനസ് ഇതുവരെ അറിഞ്ഞിട്ടില്ല.
ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന അവ്യക്തിനെ കാത്ത് അമ്മ രമ്യ മേപ്പാടിയിലെ ആശുപത്രിയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ രമ്യക്ക് ഇപ്പോഴും ആശുപ്ത്രി വിടാനായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് താൻ നേരിട്ട് മകനോട് പറയാമെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചത്.
ആശുപത്രിയിലെത്തി അഞ്ചാം നാളാണ് അവ്യക്തിനെ തിരിച്ചറിയാനായത്. അതുവരെ തങ്ങളുടെ മകനാണെന്ന ധാരണയില്‍ മറ്റൊരു കുടുംബം പരിചരിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ വന്ന ദൃശ്യം കണ്ടാണ് ചെറിയച്ഛന് അവ്യക്താണെന്ന് മനസിലാകുന്നത്. ഒരുമാസക്കാലം ആശുപത്രി ജീവനക്കാരായിരുന്നു അവ്യക്തിന് കുടുംബം. സ്നേഹ സമ്മാനവും വാങ്ങിയാണ് മടക്കം
മഹാദുരന്തത്തിന്റെ ശേഷിപ്പുകള്‍ കുഞ്ഞു ശരീരത്തില്‍ ബാക്കിയുണ്ട്. വീണ്ടും അമ്മയെകാണുന്പോള്‍, അച്ഛനും സഹോദരിയും ഇനിയില്ലെന്നറിയുമ്പോള്‍, വെള്ളാർമലയും കളിക്കൂട്ടുകാരും കാണാമറയത്താണെന്ന് ബോധ്യപ്പെടുമ്പോള്‍ കുഞ്ഞു മനസിന്റെ പ്രതികരണം എന്താകുമെന്നതില്‍ ചികിത്സിച്ചവർക്കും കൂടെനിന്നവർക്കും ആശങ്കയുണ്ട്. എല്ലാം ഉള്‍ക്കൊള്ളാൻ കൂടെ ഈ അതിജീവനം കരുത്താകുമെന്നാണ് പ്രതീക്ഷ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.