കോട്ടയം: ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്നും അഞ്ചുവര്‍ഷം കൂടി ഗവര്‍ണര്‍ സ്ഥാനത്ത് തുടരട്ടേയെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
കോട്ടയം സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണറെ വേദിയിലിരുത്തിയായിരുന്നു തിരുവഞ്ചൂരിന്റെ പുകഴ്ത്തല്‍.ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല.
അവര്‍ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് നന്നായി അറിയാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണ്', എന്നായിരുന്നു തിരുവഞ്ചൂര്‍ വേദിയില്‍ പറഞ്ഞത്.
പരിപാടിക്ക് ശേഷം ഗവര്‍ണറെ പുകഴ്ത്തിയതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിലപാട് ആവര്‍ത്തിച്ചു. അഞ്ചുകൊല്ലം ഗവര്‍ണര്‍ സ്ഥാനത്തിനിരുന്ന ആരിഫ് മുഹമ്മദ് ഖാന് സാന്നിധ്യം നന്നായി അറിയിച്ചു. അതില്‍ ശരികാണുന്നവരും തെറ്റുകാണുന്നവരുമുണ്ട്.
അദ്ദേഹത്തിന് സ്ഥാനം നീട്ടിക്കൊടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരും രാഷ്ട്രപതിയുമാണ്. നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ കേരളത്തിലുണ്ട്.
ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് താന്‍. അത് സമൂഹത്തിന് ഗുണംചെയ്യുന്ന വിധത്തില്‍ പോസിറ്റീവായി വിനിയോഗിക്കാന്‍ പറ്റണം. ആ നിലയ്ക്ക് അദ്ദേഹത്തിന് നീട്ടിക്കിട്ടണമെന്നതില്‍ തര്‍ക്കമൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ജനങ്ങളെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ ഗവര്‍ണറുടെ ഇടപെടല്‍ വളരെ ഗുണകരമായിട്ടുണ്ട്. ഗവര്‍ണറുടെ നിലപാടുകള്‍ ചിലപ്പോള്‍ അനുകൂലമായും ചിലപ്പോള്‍ പ്രതികൂലമായും തോന്നാം.
നിഷ്പക്ഷമായി നോക്കുമ്പോള്‍, വരവരച്ചാല്‍ അതില്‍ നില്ക്കുന്ന ആളല്ല. അതിനപ്പുറവും ഇപ്പുറവുംപോവും. വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാടുകള്‍ എടുക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.