കാസർകോട് നീലേശ്വരം പൂവാലംകൈ ശാസ്തമംഗലത്തപ്പൻ ശിവക്ഷേത്രത്തിലേക്ക് വന്നാല്‍ ഒരു 'ഒറ്റയാള്‍ക്കുളം' കാണാം. കരവിരുതിലും കൈയടക്കത്തിലും കല്‍പടവുകളില്‍ വിസ്മയംതീർത്ത കുളം.
നാലുനില കെട്ടിടത്തിന്‍റെ ഉയരവും നല്ല നീളവും വീതിയുമുണ്ട്. ഈ കുളത്തിന്‍റെ നിർമാണത്തിനു പിന്നില്‍ ഒരാള്‍ മാത്രമാണെന്നതാണ് അതിലേറെ അത്ഭുതം.ചാത്തമത്തെ വി.കെ. വിനീഷാണ് ശില്‍പി. ഒരുവർഷംകൊണ്ടായിരുന്നു നിർമാണം. ലക്ഷത്തിനടുത്ത് ചെങ്കല്ലുകൊണ്ട് നിർമിച്ച തീർഥക്കുളത്തിലെ ഓരോ കല്ലും ഒറ്റക്ക് കെട്ടിപ്പൊക്കിയത് ഈ 39കാരനാണെന്നറിയുമ്പോള്‍ വിസ്മയിക്കാതിരിക്കുന്നതെങ്ങനെ.
കല്ലുകള്‍ കെട്ടുമ്പോള്‍ ഒരുതരിപോലും സിമന്‍റ് ഉപയോഗിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്റ്. രണ്ടു കല്ല് ഒട്ടിക്കിടക്കുന്ന രീതിയില്‍ മിനുസപ്പെടുത്തിയാണ് പരമ്പരാഗത ശൈലിയില്‍ നിർമാണം പൂർത്തിയാക്കിയത്.
മുമ്പ് നിരവധി വീടുകളുടെ നിർമാണവും ക്ഷേത്രമുറ്റത്തുള്‍പ്പെടെ കല്ലുപാകലുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും കുളം നിർമാണത്തിന് തുനിയുന്നത് ആദ്യമാണ്.
2022 ഫെബ്രുവരിയില്‍ തുടങ്ങിയ പണി 2023 ഫെബ്രുവരി 22നാണ് പൂർത്തിയാക്കിയത്. നിലവില്‍ കാസർകോട് ജില്ലയില്‍ മാത്രം അഞ്ചു കുളങ്ങള്‍ കൂടി നിർമിക്കാൻ വിനീഷിന് അവസരം ലഭിച്ചിട്ടുണ്ട്. 22ാം വയസ്സിലാണ് വിനീഷ് കല്ലുകെട്ട് തൊഴിലിലേക്കിറങ്ങുന്നത്.
''ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ക്ഷേത്ര കമ്മിറ്റി വിശ്വസിച്ചേല്‍പിച്ച പണി ഭംഗിയായി ചെയ്തു. എന്ത് പണിയായാലും ആത്മാർഥതയുണ്ടെങ്കില്‍ വിജയംനേടാനാകും. സ്വയം ആർജിച്ചെടുത്ത അറിവുതന്നെയായിരുന്നു പിൻബലം.
പലരും വിളിക്കുന്നുണ്ട്. ഏറ്റെടുക്കുന്ന ജോലികള്‍ കഴിവിന്‍റെ പരമാവധി പൂർത്തിയാക്കി നല്‍കും'' -വിനീഷ് പറഞ്ഞു. അനശ്വരയാണ് ഭാര്യ. ശിവാത്മിക, സാർവിക മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.