ഇടുക്കി: കാന്തല്ലൂർ പഞ്ചായത്തില്‍ പാമ്പൻപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 73 കാരന് ഗുരുതരമായി പരിക്കേറ്റു.
കൂടെ ഉണ്ടായിരുന്ന ഭാര്യ ചെറിയ പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പൻപാറ സ്വദേശി തെക്കേല്‍ വീട്ടില്‍ തോമസി (കുഞ്ഞേപ്പ് -73) നാണ് ആന ചവുട്ടിയതില്‍ വയറിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. തോമസിൻ്റെ കൂടെയുണ്ടായിരുന്ന ഭാര്യ സിസിലി (68) ആനയെ കണ്ടതും ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുമ്പോള്‍ വീണു കൈയ്ക്ക് ചെറിയ പരിക്ക് പറ്റി.തിങ്കളാഴ്ച രാവിലെ 6.45 നാണ് സംഭവം നടന്നത്. പാമ്പൻപാറയിലെ വീടിന് താഴെയുള്ള ആറിൻ്റെ തീരങ്ങളില്‍ നില്ക്കുന്ന മരങ്ങളില്‍ നിന്നും താഴെ വീണു കിടക്കുന്ന കുടംപുളി പഴങ്ങള്‍ ശേഖരിക്കുവാനാണ് വീട്ടില്‍ നിന്നും അര കിലോമീറ്റർ അകലെയുള്ള ആറ്റില്‍ ഇരുവരും പോയത്.
സിസിലിയുടെ ഒരു കാലിന് സ്വാധീനമില്ലാത്തതാണ്. കമ്പ് കുത്തിയാണ് ഭർത്താവിനോടൊപ്പം ചെങ്കുത്തായ പാറയില്‍ കൂടി ഇറങ്ങി ആറ്റില്‍ എത്തിയത്. വീണു കിടക്കുന്ന കുടംപുളി പഴങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി കാട്ടാന എത്തിയത്.
തുമ്പികൈ കൊണ്ട് തോമസിനെ ആക്രമിച്ച ഒറ്റയാൻ താഴെ വീണ തോമസിനെ ചവുട്ടുകയും ചെയ്തു. ആനയെ കണ്ടതും എതിർവശത്തേക്ക് കമ്പ് കുത്തി ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് സിസിലിയുടെ കൈയ്ക്ക് പരിക്കേറ്റു.
ഇരുവരുടേയും നിലവിളി കേട്ട് ആന കൂടുതല്‍ ഉപദ്രവിക്കാതെ മറ്റൊരു ഭാഗത്തേക്ക് പോവുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തി പരിക്കേറ്റ തോമസിനെ കമ്പിളിയില്‍ കെട്ടി ചുമന്ന് വാഹനം വരുവാൻ കഴിയുന്ന ഭാഗത്ത് എത്തിച്ചു.
മറയൂരില്‍ നിന്നും എത്തിയ ആംബുലൻസില്‍ കയറ്റി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ഇരുവർക്കും നല്കി. തോമസിൻ്റെ പരിക്ക് അതീവ ഗുരുതരമായതിനാല്‍ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോമസിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.