ബെംഗളൂരു : ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ് ദക്ഷിണേന്ത്യയിലേക്കും സർവീസ് വ്യാപിപ്പിക്കുന്നു. ഈ മാസം പത്തുമുതൽ ബെംഗളൂരുവിൽനിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും. പിന്നീട് ബെലഗാവി, കോയമ്പത്തൂർ, മധുര, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും ഭാവിയിൽ കേരളത്തിലേതുൾപ്പെടെ 33 നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്നും ഫ്ലിക്‌സ് ബസ് ഇന്ത്യ അധികൃതർ അറിയിച്ചു.
ദക്ഷിണേന്ത്യയിൽ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി പ്രത്യേക ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് പുതുതായി ആരംഭിച്ച റൂട്ടിൽ സെപ്റ്റംബർ 15 വരെ 99 രൂപമാത്രമാകും ടിക്കറ്റിന്. പ്രാദേശിക ബസ് ഓപ്പറേറ്റർമാരുമായി സഹകരിച്ചാകും സർവീസ് നടത്തുന്നത്.
വടക്കേ ഇന്ത്യയിൽ സർവീസ് വിജയകരമായി നടപ്പാക്കിയശേഷമാണ് ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഫ്ലിക്‌സ് ബസ് ഇന്ത്യ മാനേജിങ് ഡയറക്ടർ സൂര്യ ഖുറാന പറഞ്ഞു. കഴിഞ്ഞദിവസം ബെംഗളൂരുവിൽനടന്ന ബസ് ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി എം.ബി. പാട്ടീൽ, ഫ്ലിക്‌സ് പ്രതിനിധികളായ മാക്‌സ് സ്യൂമർ, ഡാനിയേൽ ക്രോസ് എന്നിവർ പങ്കെടുത്തു.
2011 ൽ ജർമ്മനിയിൽ സ്ഥാപിക്കപ്പെട്ട ഒരു പാസഞ്ചർ ബസ് ശൃംഖലയാണ് ഫ്ലിക്സ് ബസ്. അഞ്ഞൂറും ആയിരവും കിലോമീറ്റർ അകലെയുള്ള നഗരങ്ങളിലേക്ക് സുഖപ്രദമായി യാത്ര ചെയ്യാവുന്ന ബസുകൾ. വിമാന സർവീസുകൾ പോലെ ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം, ബസുകൾ തത്സമയം ട്രാക്ക് ചെയ്യാം. മുൻകൂർ ബുക്ക് ചെയ്താൽ ചാർജ്ജ് വളരെ കുറവ്, ഇതൊക്കെയാണ് ഫ്ലിക്സ് ബസിന്റെ രീതി.
ജർമ്മനിയിൽ വളരെ പെട്ടെന്ന് ഇവർ മാർക്കറ്റ് ഉണ്ടാക്കി. ഇന്നിപ്പോൾ യൂറോപ്പിലെ നാല്പത് രാജ്യങ്ങളിൽ അയ്യായിരം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സർവ്വീസുകൾ നടത്തുന്നു. വർഷത്തിൽ എട്ടു കോടി യാത്രക്കാരും പതിനാറായിരം കോടി രൂപയുടെ വരുമാനവും ഉണ്ട്.
യൂറോപ്പിൽ നഗരത്തിനുള്ളിൽ ബസും ട്രാമും അടുത്ത നഗരത്തിലേക്ക് ട്രെയിൻ, അങ്ങനെ ആയിരുന്നു സഞ്ചാരത്തിന്റെ രീതി. ട്രെയിൻ സർവീസുകൾ നല്ലതാണെങ്കിലും വിമാനത്തിനേക്കാൾ ചിലവ് കൂടുതലാണ് പലപ്പോഴും. ആകർഷകമായ ടിക്കറ്റിങ്ങ് രീതികളിലൂടെ യൂറോപ്പിലെ യാത്രാസംസ്ക്കാരം തന്നെ ഫ്ലിക്സ് ബസ് മാറ്റിമറിച്ചു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കും ഫ്ലിക്സ്ബസ് വലിയ സഹായമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.