"വിനായക് നിര്‍മ്മല്‍. " കഴിഞ്ഞ 35 വര്‍ഷക്കാലമായി അക്ഷരങ്ങളിലൂടെ സമൂഹത്തോട് സംസാരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്‍

സിബി ജോൺ തൂവൽ ✍️

'വിനായക് നിർമ്മൽ '

കഴിഞ്ഞ 35 വര്‍ഷക്കാലമായി  അക്ഷരങ്ങളിലൂടെ സമൂഹത്തോട് സംസാരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്‍.

വഴിതെറ്റിയോ ദൈവം ഏതോ മഹത്തായ സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കവെ ദൈവത്തിന്റെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുപോയ  എഴുത്തിന്റെ പൊന്‍വെളിച്ചം ശിരസില്‍ പതിഞ്ഞോ എഴുത്തുകാരനായെന്ന് സ്വയംവിശ്വസിക്കുന്ന ആള്‍. കാരണം എഴുത്തിന്റെ പാരമ്പര്യമോ വായനയുടെ വിശാലലോകമോ ഇല്ലാതെയായിരുന്നു വിനായക് എഴുത്തിന്റെ ലോകത്തിലേക്ക് കടന്നുവന്നത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 1990 ല്‍ ദീപനാളം കലാസാംസ്‌കാരികദേശീയവാരികയില്‍ പ്രസിദ്ധീകരിച്ച ആകാശം നീലയല്ലഎന്ന ചെറുകഥയോടെയായിരുന്നു  വിനായകിന്റെ എഴുത്തുജീവിതത്തിന്  തുടക്കം കുറിച്ചത്. പിന്നീട് സെ്ക്കുലര്‍ പ്രസിദ്ധീകരണങ്ങളിലുള്‍പ്പടെ നിരവധി കഥകളും ലേഖനങ്ങളും നോവലുകളും. 1997 ല്‍ ആദ്യ പുസ്തകം പുറത്തിറങ്ങി. ജീവന്‍ബുക്‌സ് പുറത്തിറക്കിയ പുതിയ കീര്‍ത്തനങ്ങള്‍ എന്ന നോവലെറ്റായിരുന്നു അത്. 

 ഒരുനീണ്ട മൗനത്തിന് ശേഷം 2005 ല്‍  പുറത്തിറങ്ങിയ രണ്ടുപേര്‍ക്കിടയിലൊരു പുഴയുണ്ട് എന്ന കൃതിയോടെയാണ് വായനയുടെ ലോകത്ത് വിനായക് ഒരു തരംഗമായി മാറിത്തുടങ്ങിയത്. കാരണം അന്നുവരെ പരിചയിച്ചുപോന്നിരുന്ന ആത്മീയസാഹിത്യശൈലിയില്‍ നിന്ന് അമ്പേ കുതറിയോടിയ ഭാഷയും പ്രതിപാദ്യവും കൊണ്ടാണ് വിനായക് വായനക്കാരെ സ്വന്തമാക്കിയത്.തുടര്‍ന്ന്. മഴ അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല, കടല്‍ ഒരു പര്യായമാണ്, പുകമഞ്ഞില്‍ മറയാത്ത മുഖങ്ങള്‍, ശീര്‍ഷകമില്ലാത്ത വിചാരങ്ങള്‍, പറയാതെ പോകുമ്പോള്‍ അറിയാതെ പോകുന്നത് എന്നീകൃതികളിലൂടെ വിനായക് എഴുത്തിന്റെ ഒരു ദ്വീപ് സൃഷ്ടിക്കുകയും വായനക്കാരെ അവിടെ  ലബ്ധപ്രതിഷ്ഠരാക്കി മാറ്റുകയും ചെയ്തു. 

ഈ ലേഖനസമാഹാരങ്ങളുടെ തുടര്‍ച്ചയായിരുന്നു പകല്‍വരുന്നു രാത്രിയും,സ്‌നേഹത്തിലേക്കുള്ള കടല്‍പ്പാലങ്ങള്‍, ലലബി, മൗനത്തിന് മുമ്പുള്ള വാക്കുകള്‍, വിരല്‍തൊട്ടതും ഹൃദയംപറഞ്ഞതും , നനവുള്ള കാറ്റുകള്‍, ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ കവിഞ്ഞും എന്നിവ. 

വീടു പലപ്പോഴും വിനായകിന്റൈ ഒരു ഒബ്‌സഷനാണ് അതുകൊണ്ടാവാം രണ്ടുകൃതികളുടെ പേരുകള്‍ വീടുമായി ബന്ധപ്പെട്ടവയാണ്. വീട്, വീട്ടില്‍ നിന്നുള്ള എഴുത്തുകള്‍. 

ദൈവത്തിന്റെ പിതൃബിംബവും മനുഷ്യരുടെ പുത്രബിംബവും ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്ന, സാധാരണക്കാരന്റെ ദൈവശാസ്ത്രഗ്രന്ഥമെന്ന് നിശ്ചയമായും പറയാന്‍ കഴിയുന്ന സുന്ദരവും ഹൃദ്യവുമായ കൃതിയാണ് അപ്പനും ദൈവവും. 

ജീവിതത്തില്‍ മനുഷ്യര്‍ അവനവരോടും മറ്റുള്ളവരോടും പുലര്‍ത്തേണ്ട അടിസ്ഥാനഭാവം കരുണയായിരിക്കണമെന്ന ആഴപ്പെട്ട ചിന്തയില്‍ നിന്നാണ് കരുണയുടെ പുഴകള്‍ പിറന്നത്.

 കുട്ടികള്‍ക്കുവേണ്ടിയുള്ള ഗണത്തില്‍ പെടുത്താവുന്ന കൃതികളാണ് ചാറ്റല്‍മഴയും പൊന്‍വെയിലും, ആനിമല്‍ സ്‌കൂളും മറ്റു കഥകളും. ചെങ്കനല്‍ നിറമുള്ള ലില്ലികള്‍ എന്നിവ. മോട്ടിവേഷനല്‍ ടോക്കുകളുടെ അതിപ്രസരകാലത്ത് അതിനും മുമ്പ് വിനായക് സഞ്ചരിച്ചതിന്റെ ഫലങ്ങളാണ് പ്രസാദവും പ്രമോദവും ഒറ്റച്ചിറകുള്ള പക്ഷികളും. പാസ് വേഡും.

നിങ്ങള്‍ ഇത് വായിക്കരുത് നിങ്ങള്‍ക്ക് മരണമില്ലെങ്കില്‍ എന്ന പരസ്യവാചകത്തോടെ പുറത്തിറങ്ങിയ, മരണത്തെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയതില്‍വച്ചേറ്റവും സുന്ദരമായ കൃതി വിനായകിന്റേതാണ്. നിദ്ര. 

വിശുദ്ധരുടെ ജീവചരിത്രങ്ങളുടെ ശ്രേണിയില്‍ ഇടം പിടിച്ച ശ്രദ്ധേയ രചനകളാണ് നോവല്‍ രൂപത്തില്‍ എഴുതിയ വി. അലോഷ്യസ് ഗോണ്‍സാഗ, മറിയം ത്രേസ്യയുടെ ജീവിതകഥയായ ക്രൂശിതന്റെ സ്‌നേഹിത, ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതം പറയുന്ന കടല്‍ കടന്നെത്തിയ സ്‌നേഹം ,കൊച്ചുത്രേസ്യയുടെ മാതാപിതാക്കളെക്കുറിച്ചെഴുതിയ വിശുദ്ധ കുടുംബം,  ജോണ്‍ ഇരുപത്തിമൂന്നാമനെക്കുറിച്ചുള്ള അവന്റെ പേര് യോഹന്നാന്‍ എന്നാണ്, പ്രശസ്ത വിശുദ്ധര്‍, അപരിചിത വിശുദ്ധര്‍,വിശുദ്ധ രക്തസാക്ഷികള്‍, പ്രശസ്തരായ സ്ത്രീവിശുദ്ധര്‍, മുറിച്ചിട്ടും തളിര്‍ത്ത വൃക്ഷങ്ങള്‍, ജോണ്‍ പോളിന്റെ വിശുദ്ധര്‍, അറിയപ്പെടാത്ത വിശുദ്ധര്‍, ഞാന്‍ റൊമേറോ,വിശുദ്ധ ഓസ്‌ക്കാര്‍ റൊമേറോ,വിശുദ്ധന്റെ വിശുദ്ധര്‍ എന്നിവ. ഫുള്‍ട്ടന്‍ ജെ ഷീന്‍, മോശ എന്നിവയും ഇതേ ശ്രേണിയില്‍ പെടുന്നു. 

മരിയോളജിക്കുളള വിനായകിന്റെ സംഭാവനകളാണ് അമ്മമറിയം, മറിയത്തിന്റെ അത്ഭുതങ്ങള്‍ എന്നിവ. യൗസേപ്പിതാവിനെക്കുറിച്ച് രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. വിശുദ്ധ  യൗസേപ്പും ഈശോയുടെ അപ്പയും.

ഫ്രാന്‍സിസ് മാര്‍പാപ്പയും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും തമ്മിലുള്ള താരതമ്യപഠനമാണ് ഫ്രാന്‍സിസ് അന്നും ഇന്നും. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ആത്മീയവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നവയാണ് ഒരുപൂവിതളിന്റെ മഴയഴക്, അവന്‍ വഴിയരികില്‍ കാത്തുനിന്നിരുന്നു, ഫെയ്‌സ് ഓഫ് ഫെയ്ത്ത് എന്നിവ. സിനിമയും കുടുംബവും തമ്മിലുള്ള പഠനമാണ് പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഫിലിം ആന്റ് ഫാമിലി. സാഹിത്യസംബന്ധമായ ലേഖനങ്ങളുടെ സമാഹാരമാണ് വാക്കു കടയുമ്പോള്‍.

നാലു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. വിളക്കുവച്ച് വായിക്കാന്‍, ഹൃദയത്തിന്റെ കണ്ണാടികള്‍, ഡോണ്‍ ബോസ്‌ക്കോ കഥകള്‍. ചാരത്തില്‍ നിന്ന് ചാരത്തിലേക്ക്.

 ആദ്യകാല ചെറുകഥകളുടെ സമാഹാരമാണ് ഇടവഴിയിലെ പൂക്കള്‍. ദാമ്പത്യജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്കുള്ള അന്വേഷണമാണ് എനിക്കും നിനക്കും മധ്യേ, പ്രഭാതത്തിലും മധ്യാഹനത്തിലും സായാഹ്നത്തിലും  എന്നീ കൃതികള്‍. 

ആദ്യ നോവലെറ്റിന് പുറമെയുളള നോവലുകളാണ് തൊട്ടാലുലയുന്ന നദികള്‍, മോഹവലയം, കിളികള്‍ കൂടണയുന്ന നേരം, ഒറ്റച്ചിറകിന്‍തണലില്‍ അഗ്നിച്ചിറകുള്ള മക്കള്‍, വേനല്‍ക്കാടുകള്‍, സ്‌നേഹസീമ,, ചില്ല്, മിഥുനം, കാറ്റത്തൊരു കിളിക്കൂട്, ഉത്തമഗീതം, ബ്രീജിത്താവില്ല, ഇരുള്‍മഴയുടെ കൂടാരത്തില്‍, നിലാവുലഞ്ഞ സന്ധ്യകള്‍, ഒ രുകുടുംബകഥകൂടി, സ്‌നേഹത്തണല്‍ എന്നിവ. 

പ്രാര്‍ത്ഥനാവിചാരങ്ങളുടെ സമാഹാരമാണ് ഇനി നമുക്ക് പ്രാര്‍ത്ഥിക്കാം. വിധവകളുടെ ജീവിതത്തിലെ ഇരുട്ടും വെളുപ്പും കാണിച്ചുതരുന്ന വൈധവ്യം പോലൊരു കൃതി മലയാളത്തില്‍ മറ്റൊന്നില്ല. വിധവകളുടെ ജീവിതം തന്നെയാണ് പ്രകാശിതവൈധവ്യം പ്രശോഭിതസമൂഹത്തിന് എന്ന കൃതിയിലും ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

വചനവാക്യങ്ങളുടെ നവവ്യാഖ്യാനങ്ങളാണ് അടയാളവാക്യങ്ങള്‍, ദൈവത്തിന്റെ ഇഷ്ടങ്ങള്‍. തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരങ്ങളാണ് നിന്റെ പിറവിക്കായ്, മരണം ഉയിര്‍പ്പ്, ജീവിതം എഴുതുമ്പോള്‍ ബാക്കിവരുന്നത് , ഓശാന മുതല്‍ ഉയിര്‍പ്പുവരെ എന്നിവ.

ജീവചരിത്രപട്ടികയിലെ ഇതര ശ്രദ്ധേയ സംഭാവനകളാണ് പച്ചമനുഷ്യന്‍, പുഴ പോലൊരു ജീവിതം, കൊച്ചിയിലെ തണല്‍വൃക്ഷം, ദൈവം കൊണ്ട് നിറഞ്ഞവന്‍, വല്യച്ചന്‍,തിരുഹിതംപോലെ, ഏകാന്തത കൊണ്ട് കൂടാരം തീര്‍ത്തവള്‍., ഉദ്യാനപാലകന്‍.

അന്ത്യമണിക്കൂറിന്റെ അടയാളങ്ങള്‍, ക്രിസ്തുവിന്റെ രണ്ടാംവരവി്‌നെ  ബൈബിള്‍പശ്ചാത്തലത്തില്‍ വിശദീകരിക്കുന്ന പുസ്തകമാണ്. 101 ചോദ്യങ്ങള്‍ സാധാരണക്കാരുടെ ആത്മീയസംശയങ്ങള്‍ക്ക് സാധാരണക്കാരന്റെഭാഷയില്‍ മറുപടി നല്കുന്ന കൃതിയാണ്. 

എന്നെ കാത്തുനില്ക്കുന്ന പൂമരങ്ങള്‍, രാത്രി മുഴുവന്‍ മഴയായിരുന്നു, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് എന്നിവയാണ് ഇതരകൃതികള്‍.

 വിനായകിന്റെ ഓരോ കൃതിയും വായനക്കാരനോട് പുതുതായി പറയാന്‍ എന്തോ ബാക്കിവയ്ക്കുന്നവയാണ്. അതെന്തായാലും ഒരു കാര്യം തീര്‍ച്ചയായും പറയാന്‍ സാധിക്കും, നോവല്‍, ചെറുകഥ, ലേഖനം, ആത്മീയം,സാഹിത്യം,സിനിമ, ജീവചരിത്രം, ബാലസാഹിത്യം,വിവര്‍ത്തനംഇങ്ങനെ വൈവിധ്യം നിറഞ്ഞ സാഹിത്യ മേഖലകളില്‍ ചുരുങ്ങിയ കാലം കൊണ്ട് വ്യക്തമായ അടയാളമുദ്ര പതിപ്പിച്ച മറ്റൊരു എഴുത്തുകാരനും മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതുതന്നെയാണ് വിനായകിന്റെ സവിശേഷതയും.

"വിനായകൻ്റെ 100-ാമത്തെയും  മകൻ യോഹൻ്റെ ആദ്യത്തെയും പുസ്തകത്തിൻ്റെ പ്രകാശനം സെപ്തംബർ 28 ശനി ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഭരണങ്ങാനം അസ്സിസി ആർക്കേഡിൽ നടക്കും. ബോബി ജോസ് കപ്പൂച്ചിൻ മുഖ്യാതിഥിയായിരിക്കും"

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !