കൊല്ലം :ദേശീയപാത വികസനത്തിലെ ഓട നിർമാണത്തിലെ അപാകതകളിൽ വലഞ്ഞ് മങ്ങാട്ടെ ഒട്ടേറെ കുടുംബങ്ങൾ. കിളികൊല്ലൂർ പഴയ പൊലീസ് സ്റ്റേഷനു സമീപത്തെ വീടുകളിലാണ് ദുരവസ്ഥ.
ദേശീയപാതയിൽ നിന്ന് സ്റ്റേഷനു മുന്നിലെത്താൻ വഴി നീന്തിക്കടക്കേണ്ട സ്ഥിതി. വഴിയിലൂടെ സഞ്ചരിക്കാൻ രണ്ടുവർഷമായി സ്വന്തം വീട്ടിൽ കയറാൻ പോലുമാകാതെ ബുദ്ധിമുട്ടുകയാണ് സ്റ്റേഷനു എതിർവശം താമസിക്കുന്ന കുടുംബം.മുൻപ് പ്രദേശത്ത് ഇത്തരം വെള്ളക്കെട്ടുണ്ടായിട്ടില്ലെന്നും ഓട നിർമാണത്തിനു ശേഷമാണ് ദുരിതം വർധിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു. ഹൈവേ അതോറിറ്റിയോടും അധികൃതരോടും പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പറഞ്ഞു. മഴ കനത്തതോടെ കഴിഞ്ഞ ദിവസം ഹൈവേയോടു ചേർന്നുള്ള പല വീടുകളും വെള്ളത്തിലായി.
കോർപറേഷനും കൗൺസിലറും താൽക്കാലികമായി മണ്ണുനീക്കി വെള്ളം കോരി മാറ്റി. ശാശ്വതമായി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. വെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ഓടകൾ നിർമാണത്തിനു ശേഷം സ്ലാബിട്ട് മൂടി മുകളിൽ ടാർ ചെയ്തു. ഇതോടെ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതായി.
ഓരോ മഴയിലും വീടുകളും വഴികളുമെല്ലാം വെള്ളക്കെട്ടിലാകുന്നത് പതിവാണ്. റോഡിൽ നിന്ന് കുത്തിയൊഴുകിയെത്തുന്ന വെള്ളവും ചെളിയും താഴ് ഭാഗത്തുള്ള വീടുകളുടെ ഗേറിൽ തങ്ങി നിന്ന് പലപ്പോഴും തുറക്കാനാകുന്നില്ല. അത്യാവശ്യ സാഹചര്യങ്ങളിൽ രോഗികളെ കയറ്റാൻ വാഹനങ്ങൾ പോലും വീട്ടുമുറ്റങ്ങളിൽ എത്തിക്കാനാകില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ഇതുകൂടാതെ മൂന്നാംകുറ്റി മാർക്കറ്റിലെ മലിനജലം ഒഴുകിപ്പോകുന്ന ഓടകളും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്.ഈ ചെളി വെള്ളത്തിനൊപ്പം മലിനജലം വീടുകളിലേക്ക് ഒഴുകിയെത്തുന്നതോടെ പകർച്ചവ്യാധി ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനം. ആൽത്തറമൂട്ടിൽ വീണ്ടും പൈപ്പുപൊട്ടി കാവനാട്.
ആൽത്തറമൂട് വാട്ടർ ടാങ്കിനു സമീപത്തെ ജലവിതരണ പൈപ്പ് പൊട്ടി ഇന്നലെയും ശുദ്ധജലവിതരണം തടസ്സപ്പെട്ടു. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ഓടയ്ക്ക് ആഴം കൂട്ടുന്നതിനാൽ പൈപ്പ് പൊട്ടുന്നത് പതിവാണ്.
ഇരുമ്പ് പൈപ്പാണ് പൊട്ടിയതെന്നും ഉടൻ ലീക്ക് അടയ്ക്കുമെന്നും ജല അതോറിറ്റി ജീവനക്കാർ അറിയിച്ചെങ്കിലും കോർപറേഷന്റെ ലോറി വെള്ളം ഡിവിഷനിലെ പല ഭാഗത്തും എത്തിക്കാനാകില്ലെന്നും 3 ദിവസമെങ്കിലും ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നും മരുത്തടി ഒന്നാം വാർഡ് കൗൺസിലർ എം.സുമി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.