പിണറായി വിജയന്‍ ‘വീട്ടില്‍നിന്നു വന്ന്’ മുഖ്യമന്ത്രി ആയതല്ല;പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ വെട്ടിലാക്കുന്ന പ്രതികരണങ്ങളുമായി പി വി അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ഒറ്റ കൂടിക്കാഴ്ചയിൽ പി.വി.അൻവർ എംഎൽഎ വഴങ്ങിയെന്ന തോന്നലിന് ഒരു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.

അത്തരം ധാരണകളെയെല്ലാം പൊളിച്ച്, പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ വെട്ടിലാക്കുന്ന പ്രതികരണങ്ങളാണ് ഇന്ന് അൻവർ നടത്തിയത്. 

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെയായിരുന്നു കൂടിക്കാഴ്ച. ഒരു സഖാവെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് താന്‍ എന്നു പറയുമ്പോഴും, മുഖ്യമന്ത്രിയുടെ ഓഫിസിനോടും പാര്‍ട്ടി സംവിധാനത്തോടുമുള്ള വിശ്വാസമില്ലായ്മയാണ് അന്‍വറിന്റെ വാക്കുകളില്‍ നിഴലിച്ചത്. 

പാര്‍ട്ടി പിന്തുണയോടെ എംഎല്‍എ ആയ അന്‍വര്‍, പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ എന്ന നിലയില്‍ തുടങ്ങിവച്ച കൊട്ടാരവിപ്ലവം സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍, പൊതുസമൂഹത്തിനു മുന്നിലേക്കെത്തിയതില്‍ പാര്‍ട്ടിയിൽ അതൃപ്തിയുണ്ട്. 

എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നാണു പല നേതാക്കളുടെയും പ്രതികരണം. മുഖ്യമന്ത്രി നേരിട്ടു ചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും കുറിച്ച് പൊതുജനമധ്യത്തില്‍ പരസ്യമായി ഒരു ഭരണപക്ഷ എംഎല്‍എ വിഴുപ്പലക്കുന്ന കാഴ്ച സിപിഎമ്മിന് ഒട്ടും പരിചിതമല്ലെന്നും ഇവര്‍ പറയുന്നു. 

പൊലീസിനെതിരായ നീക്കം എന്നതിനപ്പുറം പി.വി.അന്‍വറിനു കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും വിലയിരുത്തലുണ്ട്.

പാര്‍ട്ടി വേദിയില്‍ പറയാതെ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിനു മുന്നിലേക്കു കൊണ്ടുവന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണകരമായിട്ടില്ല എന്ന വികാരവും നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചു പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍.

ഭരണപക്ഷ എംഎല്‍എയ്ക്കു പാര്‍ട്ടി സംവിധാനത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിലും വിശ്വാസമില്ല എന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് അന്‍വര്‍ നടത്തിയ പ്രസ്താവനകളും അതാണ് സൂചിപ്പിക്കുന്നത്. 

വിഷയം മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചു തുടങ്ങിയതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും പാര്‍ട്ടി ഓഫിസില്‍നിന്നും പല തവണ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും പലതവണ താനും സ്റ്റാഫും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെന്നും പറഞ്ഞ അന്‍വര്‍, ഈ വിഷയം പുറത്തുവരട്ടെ എന്നതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറയുന്നു. 

അല്ലെങ്കില്‍ ആരംഭത്തില്‍ത്തന്നെ ഇടപെട്ടു പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടാകുമെന്നും തന്റെ വായടപ്പിക്കാന്‍ നീക്കമുണ്ടാകുമെന്നും അന്‍വറിനു ധാരണയുണ്ടായിരുന്നു. 

വിഷയം പൊതുസമൂഹത്തിനു മുന്നില്‍ എത്തിയെന്ന് ഉറപ്പായതിനുശേഷം മാത്രമാണ് അന്‍വര്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും കാണാന്‍ തുനിഞ്ഞത്.

പിണറായി വിജയന്‍ ‘വീട്ടില്‍നിന്നു വന്ന്’ മുഖ്യമന്ത്രി ആയതല്ലെന്നും പാര്‍ട്ടിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നുമുള്ള അന്‍വറിന്റെ പ്രതികരണം ഏറെ ഗൗരവത്തോടെയാണു നേതൃത്വം കാണുന്നത്. 

അന്തസ്സുള്ള മുഖ്യമന്ത്രിക്കും അന്തസ്സുള്ള പാര്‍ട്ടിക്കുമാണു പരാതി നല്‍കിയിരിക്കുന്നതെന്നു പറയുമ്പോഴും എഡിജിപി അജിത്‌കുമാറിനെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണ നീക്കത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കാനും അന്‍വര്‍ മടിച്ചില്ല. 

ഹെഡ്മാസ്റ്റര്‍ക്കെതിരെ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്, അങ്ങനെയുള്ള നയം ഉണ്ടാകില്ലെന്നും അന്‍വര്‍ തുറന്നടിച്ചു. പരിഹാരം വേണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ച ലക്ഷണക്കണക്കിനു സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണു താൻ പറയുന്നതെന്നും അതിനെ തള്ളിക്കളയാന്‍ കഴിയുമെന്നു വിശ്വസിക്കുന്നില്ലെന്നും പ്രഖ്യാപിച്ച്, കറകളഞ്ഞ സഖാവെന്ന പ്രതിച്ഛായ ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനുള്ള ശ്രമമാണ് അന്‍വറിന്റേത്. 

‘വിശ്വസിച്ച് ഏല്‍പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു’ എന്ന അന്‍വറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കെടുകാര്യസ്ഥതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ കുടുങ്ങിയ പാഠം മുന്നിലുണ്ടായിട്ടും പൊളിറ്റിക്കല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന പ്രതീതിയാണ് അന്‍വറിന്റെ പ്രസ്താവന നല്‍കുന്നത്. 

പൊലീസ് നിരന്തരം ജനങ്ങളെ വെറുപ്പിക്കുന്ന നടപടികളെടുക്കുന്നത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്നുമുള്ള അന്‍വറിന്റെ ചോദ്യങ്ങൾ നീളുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയിലേക്കാണെന്നതില്‍ തര്‍ക്കമില്ല. 

സര്‍ക്കാരിനെ തകര്‍ക്കാനുള്ള ലോബിക്കെതിരായ വിപ്ലവമായി തന്റെ പോരാട്ടം മാറുമെന്ന അന്‍വറിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ ആരെയെങ്കിലും ലക്ഷ്യം വച്ചുള്ളതാണോ എന്ന സംശയമാണ് ഉയരുന്നത്. 

ഈ പോരാട്ടത്തില്‍ അന്‍വറിന്റെ പിന്നിലുള്ള ‘സര്‍വശക്തനായ ദൈവം’ ആരാണെന്ന സംശയവും പൊതുസമൂഹത്തിനുണ്ട്. എഡിജിപി അജിത് കുമാറിന് എതിരെ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണോ എന്ന സംശയം പരോക്ഷമായി ഉന്നയിച്ച അന്‍വര്‍ ശക്തമായ താക്കീതും‌ നല്‍കാനും മടികാട്ടിയില്ല. 

സൂചനാ തെളിവുകളാണു കൊടുത്തിരിക്കുന്നതെന്നും ബാക്കിയുള്ളത് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും അന്‍വര്‍ പറഞ്ഞു. 

നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടില്ലെന്ന നിലപാടെടുത്ത അൻവർ, വിധേയരായി അന്വേഷണം നടത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !