കൊച്ചി: മന്ത്രിസ്ഥാനത്തുനിന്ന് നീക്കുകയാണെങ്കിൽ എം.എൽ.എ. സ്ഥാനംകൂടി രാജിവെച്ചേക്കാമെന്ന് ശശീന്ദ്രൻ വിഭാഗം.
ഇക്കാര്യം എൻ.സി.പി. ദേശീയ നേതൃത്വത്തെയും സി.പി.എം. സംസ്ഥാന നേതൃത്വത്തെയും ശശീന്ദ്രൻ വിഭാഗം അറിയിച്ചു കഴിഞ്ഞു. പാർട്ടിയിലെ ‘ഒരാൾക്കല്ല, രണ്ടുപേർക്ക് ഗുണമുണ്ടായിക്കോട്ടെ’ എന്ന നയം ശശീന്ദ്രൻ വിഭാഗം സ്വീകരിച്ചാൽ അത് പാർട്ടി നേതൃത്വത്തെയും ഇടതുമുന്നണിയെയും വെട്ടിലാക്കും.മന്ത്രിമാറ്റത്തിൽ ദേശീയ നേതൃത്വത്തിൽനിന്ന് ശശീന്ദ്രന് അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യതകൾ അടഞ്ഞിരിക്കുകയാണ്. എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസിനെയും ഡൽഹിക്ക് വിളിപ്പിച്ചാവും ദേശീയ നേതൃത്വം മന്ത്രിമാറ്റ കാര്യം അറിയിക്കുക.
ഡൽഹിയിൽനിന്നുള്ള വിളിക്കായി തോമസ് കെ. തോമസ് കാത്തിരിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടാവില്ലെന്നതിനാൽ ശശീന്ദ്രൻ പോകാനുള്ള സാധ്യതകളില്ല. അദ്ദേഹത്തിനുവേണ്ടി കഴിഞ്ഞ ദിവസം സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ദേശീയ നേതൃത്വം അനുകൂലമായി പ്രതികരിച്ചില്ല. ഈ സാഹചര്യത്തിൽ വീണ്ടുമൊരു ചർച്ചയ്ക്കായി ഡൽഹിക്കുപോകുന്നതിൽ കാര്യമില്ലെന്നാണ് ശശീന്ദ്രൻ വിഭാഗം കരുതുന്നത്.മന്ത്രിമാറ്റം സംബന്ധിച്ച കാര്യങ്ങൾ ശശീന്ദ്രനോട് സംസാരിക്കാൻ എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ മുതിർന്ന നേതാക്കളുടെ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ സംസാരിച്ചതിനുപിന്നാലെ സ്ഥാനം ഒഴിയണമെന്ന ആവശ്യം പാർട്ടി നേതൃത്വം ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെടും.
ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം രണ്ടര വർഷം വീതംവയ്ക്കണമെന്ന് ധാരണയുണ്ടായിരുന്നു. എന്നാൽ, അന്ന് എം.എൽ.എ.യായിരുന്ന തോമസ് ചാണ്ടി ആറുമാസം മാത്രമാണ് മന്ത്രിയായത്.
ബാക്കി നാലര വർഷവും എ.കെ. ശശീന്ദ്രൻ തന്നെയാണ് മന്ത്രിയായിരുന്നത്. രണ്ടാം മന്ത്രിസഭയിലും രണ്ടരവർഷം കഴിഞ്ഞും ശശീന്ദ്രൻ തുടരുകയാണ്. അവശേഷിക്കുന്ന ഒന്നരവർഷക്കാലമെങ്കിലും തോമസ് കെ. തോമസിന് നൽകണമെന്നാണ് ഔദ്യോഗിക നേതൃത്വം പറയുന്നത്.
എൻ.സി.പി.യിൽ ചാക്കോ-ശശീന്ദ്രൻ വിഭാഗങ്ങൾ വളരെ പെട്ടെന്നാണ് അകന്നത്. ടി.പി. പീതാംബരൻ മാസ്റ്ററെ തഴഞ്ഞ്, പി.സി. ചാക്കോയെ സംസ്ഥാന നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി മുഖ്യ പങ്കുവഹിച്ചത് ശശീന്ദ്രൻ വിഭാഗമായിരുന്നു.
ഇരു വിഭാഗവും ഒന്നിച്ചുപോയതിനാലാണ്, തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം വൈകിയത്. പാർട്ടിയിൽ മുഴുമന്ത്രിമാത്രമേയുള്ളൂ എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്ന പി.സി. ചാക്കോ, ഇപ്പോൾ മന്ത്രിമാറ്റത്തിന് ധാരണയുണ്ടെന്ന് അംഗീകരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.