ന്യൂഡല്‍ഹി: താന്‍ ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച 12 എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) അധ്യക്ഷ പി.ടി. ഉഷ.
അധ്യക്ഷ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയെ ജനാധിപത്യപരമാക്കണമെന്നും കാണിച്ച് കമ്മിറ്റി അംഗങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഉന്നതനായ ജെറോം പോവെക്ക് കത്തെഴുതിയതിനു പിന്നാലെയാണ് ഉഷ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍, ഒളിമ്പിക് മെഡല്‍ ജേതാവ് ഗഗന് നരംഗ്, ജോയിന്റ് സെക്രട്ടറിമാരായ അളകനന്ദ അശോക്, കല്യാണ്‍ ചൗബെ, യോഗേശ്വര്‍ ദത്ത് എന്നിവരുള്‍പ്പെടുന്ന 12 കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ ഉഷയും ജെറോം പോവെക്ക് കത്തെഴുതി.
ഇത്തരം ആരോപണങ്ങള്‍ തന്റെ നേതൃത്വത്തെയും ഇന്ത്യന്‍ കായികരംഗത്തിന്റെ ഉന്നമനത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശ്രമങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഉഷ കത്തില്‍ പറയുന്നു.
വലിയ വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരം എന്ന നിലയ്ക്ക് തന്റെ 45 വര്‍ഷം നീണ്ട കരിയറില്‍ നമ്മുടെ കായികതാരങ്ങളുടെയും രാജ്യത്തിന്റെ കായിക ഭാവിയുടെയും കാര്യത്തില്‍ ഇത്ര നിസ്സംഗതയോടെ പെരുമാറുന്ന വ്യക്തികളെ താന്‍ കണ്ടിട്ടേയില്ലെന്നും ഉഷ കത്തില്‍ ആരോപിച്ചു.
ചില കമ്മിറ്റി അംഗങ്ങള്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും പക്ഷപാതപരമായി പെരുമാറിയെന്നും ചിലര്‍ക്കെതിരേ ലൈംഗിക പീഡന പരാതികള്‍ വരെയുണ്ടെന്നും ഉഷ കത്തില്‍ ആരോപിച്ചിട്ടുണ്ട്.ഐ.ഒ.എ.യുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി രഘുറാം അയ്യരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങളുടെ തുടക്കം.
കമ്മിറ്റിയിലെ 12 പേരും രഘുറാം അയ്യരെ നിയമിക്കുന്നതിനെതിരാണ്. രഘുറാമിന് പകരം മറ്റൊരാളെ നിയമിക്കാന്‍ നടപടിതുടങ്ങണമെന്ന് അംഗങ്ങള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണ് നിയമനമെന്നും ഇതില്‍നിന്ന് പുറകോട്ടുപോകാനാകില്ലെന്നും പി.ടി. ഉഷ പറയുന്നു.
സി.ഇ.ഒ.യുടെ നിയമനം വൈകുന്നത് ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഉഷ പറഞ്ഞു. കഴിഞ്ഞദിവസംനടന്ന യോഗത്തില്‍ ഇതേക്കുറിച്ച് രൂക്ഷമായ വാദപ്രതിവാദമുണ്ടായി. ആ യോഗത്തില്‍ ജെറോം പോവെ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.