കൊളംബോ: ശ്രീലങ്ക സാമ്പത്തികപ്രതിസന്ധിയിലായ നാളുകളില്‍ ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു അനുര കുമാര ദിസനായകെ. അന്ന് രാഷ്ട്രീയപ്പാര്‍ട്ടികളെ അടുപ്പിക്കാതെ തെരുവിലിറങ്ങിയ ചെറുപ്പക്കാര്‍ക്ക് പക്ഷേ, ദിസനായകെയോട് അത്ര അകല്‍ച്ചയുണ്ടായിരുന്നില്ല.
1970-തുകളും '80-തുകളിലും ശ്രീലങ്കയില്‍ ചോരക്കഥയെഴുതിയ ജനത വിമുക്തി പെരുമുനയുടെ (ജെ.വി.പി.) ചരിത്രവും അവരെ ബാധിച്ചില്ല. ജെ.വി.പി.യുടെ സായുധകലാപങ്ങളില്‍ 80,000-ത്തിലേറെപ്പേര്‍ മരിച്ചെന്നാണ് കണക്ക്. സാമ്പത്തികദുരിതത്തിന് പരിഹാരം ഇടതുപക്ഷമെന്ന ശ്രീലങ്കന്‍ ജനതയുടെ തീരുമാനത്തിന്റെ ഫലമാണ് 'എ.കെ.ഡി.' എന്നു വിളിപ്പേരുള്ള അനുര കുമാര ദിസനായകെയുടെ വിജയം.കാര്ഷികചുറ്റുപാടില്നിന്നാണ് ദിസനായകെയുടെ വരവ്. ജെ.വി.പി. ബന്ധത്തിന്റെപേരില്‍ സ്വന്തം വീടു കത്തിയെരുന്നതു കാണേണ്ടിവന്ന ചെറുപ്പക്കാരന്. സായുധകലാപത്തിന്റെ പേരില്‍ 1988-ല്‍ രണസിംഗെ പ്രേമദാസയുടെ സര്‍ക്കാര്‍ ജെ.വി.പി.യെ അടിച്ചമര്‍ത്തിയപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്ന ബന്ധുവും മരിച്ചു. ആ പ്രേമദാസയുടെ മകന് സജിത്തിനെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ദിസനായകെ തോല്‍പ്പിച്ചത്.
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയാണ് ദിസനായകെയുടെ രാഷ്ട്രീയപ്രവേശം. 1988-ല്‍ സോഷ്യല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ ഓര്‍ഗനൈസറായി. പ്രസംഗപാടവവും പ്രവര്ത്തനചാതുര്യവും ജെ.വി.പി.യില്‍ അദ്ദേഹത്തെ വളര്‍ത്തി.
1995-ല്‍ പാര്‍ട്ടി സെന്‍ട്രല്‍ വര്‍ക്കിങ് കമ്മിറ്റി അംഗമായി. 2001-ല്‍ എം.പി.യും. 2004-2005 കാലത്ത് ചന്ദ്രികാ കുമാരതുംഗെയുടെ സര്‍ക്കാരില്‍ കൃഷി, ഭൂവിനിയോഗ, ജലവിതരണ വകുപ്പുമന്ത്രിയായി. ജെ.വി.പി.യുമായുള്ള സഖ്യമായിരുന്നു അന്ന് ചന്ദ്രികയെ അധികാരത്തിലിരുത്തിയത്.
2014-ലാണ് ദിസനായകെ ജെ.വി.പി.യുടെ നേതൃത്വത്തിലേക്കെത്തിയത്. പാര്‍ട്ടിക്ക് പുതിയ ഉണര്വുനല്കാന് അദ്ദേഹത്തിനായി. 2020-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നാലുശതമാനത്തില്‍ താഴെമാത്രം വോട്ടുകിട്ടിയ ജെ.വി.പി.യാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിശാല ഇടതുസഖ്യമുണ്ടാക്കി ശ്രീലങ്കയെ നയിക്കാന്‍പോകുന്നത്.
അയല്‍രാജ്യങ്ങളൊന്നും ശ്രീലങ്കയുടെ കാര്യത്തില്‍ ഇടപെടരുതെന്നതാണ് ദിസനായകെയുടെ നയം. അന്താരാഷ്ട്രനാണ്യനിധിയില്നിന്ന് കടാശ്വാസം നേടിയെടുക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഏര്‍പ്പെടുത്തിയ ആദായ നികുതികള്‍ കുറയ്ക്കും, കാറ്റില്‍നിന്ന് ഊര്‍ജമുണ്ടാക്കാന്‍ അദാനിക്കനുവദിച്ച പദ്ധതി റദ്ദാക്കും എന്നെല്ലാമാണ് ദിസനായകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
2021നും 22-നുമിടയില്‍ ശ്രീലങ്കയില്‍ ദാരിദ്ര്യം 25 ശതമാനമായി. 25 ലക്ഷം പേര്‍ക്ക് ദിവസം 304 രൂപയില്‍ത്താഴെയാണ് വരുമാനം. ഈ സാഹചര്യത്തിലാണ് ജനം ദിസനായകെയിലും ഇടതുപക്ഷത്തിലും പ്രതീക്ഷവെച്ചിരിക്കുന്നത്.
ശനിയാഴ്ചനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 42.31 ശതമാനം വോട്ടുനേടിയാണ് ദിസനായകെ ജയിച്ചത്. മാര്‍ക്സിസ്റ്റ് കക്ഷിയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള വിശാലസഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍.പി.പി.) സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച കൊളംബോയിലെ പ്രസിഡന്റ് സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്യും.
പ്രതിപക്ഷനേതാവും സമാഗി ജന ബലവേഗയയുടെ (എസ്.ജെ.ബി.) സ്ഥാനാര്‍ഥിയുമായ സജിത്ത് പ്രേമദാസയാണ് 32.8 ശതമാനം വോട്ടോടെ രണ്ടാംസ്ഥാനത്ത്. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെക്ക് 17.27 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.
മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സയുടെ മകനും ശ്രീലങ്ക പൊതുജന പെരുമുനയുടെ സ്ഥാനാര്‍ഥിയുമായ നമല്‍ രാജപെക്സയ്ക്ക് വെറും 2.57 ശതമാനം വോട്ടാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.