ആഗ്ര: നഗരത്തില്‍ രാത്രിസമയത്ത് സ്ത്രീകളുടെ സുരക്ഷ എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായി വനിതാ എ.സി.പി.യുടെ പരിശോധന.
ആഗ്ര എ.സി.പി. സുകന്യ ശര്‍മയാണ് സ്ത്രീകളുടെ സുരക്ഷ പരിശോധിക്കാനായി സാധാരണ വേഷത്തില്‍ ആഗ്ര നഗരത്തില്‍ രാത്രി യാത്രചെയ്തത്. വിനോദസഞ്ചാരിയെന്ന് പറഞ്ഞ് ഒറ്റയ്ക്ക് ഓട്ടോയില്‍ യാത്രചെയ്ത എ.സി.പി, പോലീസിന്റെ ഹെല്പ്പ്ലൈന് നമ്പറുകളിലേക്ക് ഉള്‍പ്പെടെ വിളിച്ച് ഇവയുടെ പ്രവര്‍ത്തനവും വിലയിരുത്തി.കഴിഞ്ഞദിവസം രാത്രി ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് പുറത്തുനിന്നാണ് എ.സി.പി. സാധാരണവേഷത്തിലെത്തി യാത്ര ആരംഭിച്ചത്. അര്‍ധരാത്രി പോലീസിന്റെ അടിയന്തര സഹായത്തിനുള്ള നമ്പറായ 112-ലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിച്ചായിരുന്നു തുടക്കം.
വിനോദസഞ്ചാരിയായ താന്‍ വിജനമായ റോഡില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണെന്നും ഭയം തോന്നുന്നുണ്ടെന്നുമാണ് 112-ല്‍ വിളിച്ചുപറഞ്ഞത്. പോലീസിന്റെ സഹായം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഫോണ്‍ ഓപ്പറേറ്റര്‍ യുവതി നില്ക്കുന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചുമനസിലാക്കി.
സുരക്ഷിതമായ സ്ഥലത്ത് നില്‍ക്കണമെന്നും ഉടന്‍ സഹായത്തിന് പോലീസെത്തുമെന്നും അറിയിച്ചു. തൊട്ടുപിന്നാലെ എ.സി.പി.ക്ക് വനിതാ പോലീസിന്റെ പട്രോളിങ് സംഘത്തില്‍നിന്ന് വിളിയെത്തി. ഭയപ്പെടേണ്ടെന്നും പോലീസ് സംഘം താങ്കളുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.
ഇതോടെ താന്‍ എ.സി.പി.യാണെന്നും രാത്രി പോലീസിന്റെ സേവനങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണെന്ന് മനസിലാക്കാനായാണ് ഫോണ്‍ വിളിച്ചതെന്നും സുകന്യ ശര്‍മ വെളിപ്പെടുത്തി. പോലീസുകാര്‍ തന്റെ പരിശോധനയില്‍ വിജയിച്ചെന്നും ഇവര്‍ അറിയിച്ചു.
പോലീസ് സേവനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ് എ.സി.പി. സാധാരണവേഷത്തില്‍ നഗരത്തില്‍ രാത്രി ഒറ്റയ്ക്ക് ഓട്ടോയില്‍ യാത്രചെയ്തത്. പോകേണ്ട സ്ഥലം പറഞ്ഞ് യാത്രാക്കൂലി എത്രയാകുമെന്ന മറുപടി കിട്ടിയതിന് ശേഷമാണ് എ.സി.പി. ഓട്ടോയില്‍ കയറിയത്. യാത്രയ്ക്കിടെ നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ചും എ.സി.പി. ഓട്ടോഡ്രൈവറോട് തിരക്കി.
യൂണിഫോം ധരിക്കാത്ത കാര്യവും ചോദിച്ചു. പോലീസ് തന്നെ പരിശോധിച്ചതാണെന്നും ഉടനെ തന്നെ യൂണിഫോം ധരിച്ച് ഓട്ടോ ഓടിക്കുമെന്നുമായിരുന്നു ഇയാളുടെ മറുപടി. പിന്നാലെ എ.സി.പി. പറഞ്ഞിയിടത്ത് സുരക്ഷിതമായി ഇറക്കുകയുംചെയ്തു. ഇതോടെ ഓട്ടോ ഡ്രൈവറും തന്റെ സുരക്ഷാപരിശോധനയില്‍ വിജയിച്ചെന്നായിരുന്നു എ.സി.പി.യുടെ പ്രതികരണം.
33-കാരിയായ എ.സി.പി.യുടെ വ്യത്യസ്തമായ പരിശോധനരീതി ഇതിനോടകം സാമൂഹികമാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയിട്ടുണ്ട്. ആക്ടിവിസ്റ്റ് ദീപിക നാരായണന് ഭരദ്വാജ് ഉള്‍പ്പെടെയുള്ളവര്‍ എ.സി.പി. സുകന്യ ശര്‍മയെ അഭിനന്ദിച്ച് രംഗത്തെത്തി.
എല്ലാ നഗരത്തിലും പോലീസുകാര്‍ ഇത്തരം പരിശോധന നടത്തണമെന്നും ഇത്തരം പരിശോധനകളിലൂടെ സാധാരണക്കാര്‍ രാത്രിസമയത്ത് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്നും ദീപിക ഭരദ്വാജ് സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.