തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 175 പേർ. ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പർക്ക പട്ടികയിൽ 74 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
126 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 49 പേര് സെക്കന്ററി കോണ്ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളതെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രണ്ട് തവണയാണ് നിപ്പ അവലോകന യോഗം ചേര്‍ന്നത്. നിപ്പ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥിമന്ദിര കോംപൗണ്ടില്‍ കണ്ട്രോള് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മരിച്ച 24 വയസ്സുകാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്ട്രോള് സെല്ലില്‍ ബന്ധപ്പെടണം.
മരിച്ച യുവാവിന്റെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ആരോഗ്യവകുപ്പ് ഫീല്‍ഡ് സര്‍വെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളില്‍ സര്‍വെ നടത്തി.
ആകെ 49 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന് സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നു നിര്‍ദേശം നല്കി.
കണ്ടെയ്ന്മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിനോടു നിർദേശിച്ചു. യോഗത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.