ഇംഫാൽ: മണിപ്പുരിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിനിടെ വൻ സംഘർഷം. രാജ്ഭവനു നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.
സംഘർഷത്തിൽ ഇരുപത് പേർക്ക് പരുക്കേറ്റു. സിആർപിഎഫിന്റെ വാഹനവ്യൂഹവും സമരക്കാർ ആക്രമിച്ചു.
സംസ്ഥാനത്തുനിന്ന് സായുധസേനയെ പിൻവലിക്കണമെന്നും അടുത്തിടെയുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർഥികൾ സെക്രട്ടേറിയറ്റിലും രാജ്ഭവനു മുന്നിലും പ്രതിഷേധവുമായി എത്തിയത്.
ഒരാഴ്ചയായി മണിപ്പുരിൽ തുടങ്ങിയ പുതിയ ആക്രമണങ്ങളിൽ ഇതുവരെ 8 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
‘കഴിവില്ലാത്ത’ എല്ലാ എംഎൽഎമാരും രാജിവയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നേരത്തെ, മുഖ്യമന്ത്രി എൻ.ബീരേൻ സിങ്, ഗവർണർ എൽ.ആചാര്യ എന്നിവരുമായി വിദ്യാർഥികൾ ചർച്ച നടത്തിയിരുന്നു.
ഗവർണറോട് 6 ആവശ്യങ്ങൾ മുന്നോട്ടുവച്ചതായാണ് ചർച്ചയ്‌ക്കെത്തിയ വിദ്യാർഥി പ്രതിനിധികൾ പറഞ്ഞത്.
ഡിജിപി, സർക്കാർ ഉപദേഷ്ടാവ് എന്നിവരെ അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ചുമത്തി പുറത്താക്കുക, സിആർപിഎഫ് ഡിജി കുൽദീപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള യൂണിഫൈഡ് കമാൻഡിന്റെ പ്രവർത്തനം സംസ്ഥാന സർക്കാരിന് കൈമാറുക എന്നിവയും വിദ്യാർഥികളുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
മണിപ്പുരിലെ ക്രമസമാധാനച്ചുമതല നിലവിൽ വഹിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള യൂണിഫൈഡ് കമാൻഡാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.