ഹനോയ്: യാഗി ചുഴലിക്കാറ്റിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിൽ വ്യാപക നാശനഷ്ടം. ഇതുവരെ 59 പേർ മരിച്ചു.
കനത്ത കാറ്റിനു പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് കൂടുതൽ മരണം സംഭവിച്ചതെന്ന് വിയറ്റ്നാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച വടക്കൻ വിയറ്റ്‌നാമിലെ നദികളില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നു.
തിങ്കൾ രാവിലെ പർവതമേഖലയായ കാവോ ബാങ് പ്രവിശ്യയിൽ 20 പേരുമായി പോകുകയായിരുന്ന ബസ് മണ്ണിടിച്ചിലിൽപെട്ട് ഒഴുകിപ്പോയി.
ഫു തോ പ്രവിശ്യയിൽ, വെള്ളിയാഴ്ച രാവിലെ കനത്ത കാറ്റിൽ പാലം തകർന്ന് കാറുകളും ട്രക്കുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങൾ നദിയിൽ വീണു കാണാതായിരുന്നു.
വ്യവസായ മേഖലയായ ഹൈഫോംഗ് പ്രവിശ്യയിലെ നിരവധി കമ്പനികളിൽ വ്യാപക നാശനഷ്ടമുണ്ടായി. പല വ്യവസായ ശാലകളിലും വെള്ളം കയറി.
ഇവിടെ ഉൽപാദനം പുനരാരംഭിക്കാൻ ഒരു മാസമെങ്കിലും വേണന്നാണ് അധികൃതർ പറയുന്നത്. വടക്കൻ വിയറ്റ്നാമിലെ വൈദ്യുതി ബന്ധവും താറുമാറായി.
യാഗി ചുഴലിക്കാറ്റിൽ വൈദ്യുതിത്തൂണുകൾ കൂട്ടത്തോടെ മറിഞ്ഞുവീണതാണ് മേഖലയെ ഇരുട്ടിലാക്കിയത്. ചുഴലിക്കാറ്റു മൂലം വിയറ്റ്നാമിന്റെ വടക്കൻ പ്രവിശ്യയിൽ ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ശനിയാഴ്ച മണിക്കൂറിൽ 149 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച യാഗി രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ്.
ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് ദുർബലമായെങ്കിലും മേഖലയിൽ ശക്തമായ മഴയുണ്ട്. പലയിടത്തും വീണ്ടും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന്, വിയറ്റ്നാം കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പു നൽകി.
യാഗി ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പീൻസിൽ 20 പേരും ദക്ഷിണ ചൈനയിൽ നാലു പേരും മരിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് യാഗി പോലുള്ള ചുഴലിക്കാറ്റുകൾ കൂടുതൽ ശക്തമാകുന്നതെന്ന് സിംഗപ്പൂരിലെ എർത്ത് ഒബ്സർവേറ്ററി ഡയറക്ടർ ബഞ്ചമിൻ ഹോർട്ടൺ പറഞ്ഞു.
സമുദ്രജലത്തിന്റെ താപനില കൂടുന്നതു മൂലം ചുഴലിക്കാറ്റിന്റെ ശക്തി വർധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.