ശ്രീനഗർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 14-ന് ജമ്മു കശ്മീരില്‍ എത്തും.
വിവിധ റാലികളിൽ പങ്കെടുക്കുന്ന അദ്ദേഹം, മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. റമ്പാൻ, ബനിഹാൾ മണ്ഡലങ്ങളിൽ ഞായറാഴ്ച നടക്കുന്ന പ്രചാരണ പരിപാടികളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്നുണ്ട്.
നിലവില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് ദിവസങ്ങളിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.
തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ ഉണ്ടായിരുന്നു.
ഭരണഘടനയിൽ ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന 370-ാം അനുച്ഛേദം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇനിയൊരിക്കലുമത് മടങ്ങിവരില്ലെന്നും അന്ന് ഷാ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
ജമ്മു-കശ്മീരിൽനിന്ന് ഭീകരവാദം പൂർണമായും തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി. പ്രകടനപത്രികയിൽ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു.
കുടുംബത്തിലെ മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18,000 രൂപയുടെ സഹായധനം, കോളേജ് വിദ്യാർഥികൾക്ക് യാത്രാച്ചെലവിനത്തിൽ പ്രതിവർഷം 3000 രൂപ, കൃഷിയാവശ്യത്തിന് പകുതിനിരക്കിൽ വൈദ്യുതി, ഉജ്ജ്വല പദ്ധതിപ്രകാരം കുടുംബങ്ങൾക്ക് പ്രതിവർഷം രണ്ടു ഗ്യാസ് സിലിൻഡറുകൾ സൗജന്യം തുടങ്ങി 25 ഇന വാഗ്ദാനങ്ങളാണ് പത്രികയുടെ കാതൽ.
ഉൾഗ്രാമങ്ങളിലെ വിദ്യാർഥികൾക്ക് ടാബുകളും ലാപ്‌ടോപ്പുകളും വയോധികര്‍, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ പെൻഷൻ ആയിരം രൂപയിൽനിന്ന് മൂവായിരം രൂപയായി ഉയർത്തും തുടങ്ങിയവയും വാഗ്ദാനങ്ങളിലുൾപ്പെടും.
2014-ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പൂര്‍ണ സംസ്ഥാനപദവിയുണ്ടായിരുന്ന ജമ്മു കശ്മീരില്‍ ബി.ജെ.പി. 25 സീറ്റുകളിലാണ് വിജയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.