കൊൽക്കത്ത: യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിലവിൽ അറസ്റ്റിലായ സഞ്ജയ് റായിയുടെ നുണപരിശോധന വിശദാംശങ്ങൾ പ്രതിയുടെ അഭിഭാഷകയെ ഉദ്ദരിച്ച് പുറത്തുവിട്ട് ദേശീയമാധ്യമങ്ങൾ.
നടന്ന നുണപരിശോധനയിൽ സഞ്ജയ് നിരപരാധിത്വം തെളിയിച്ചതായി അഭിഭാഷകയായ കവിത സർക്കാർ ഒരു ദേശീയമാധ്യത്തോട് വെളിപ്പെടുത്തി. അതേസമയം നിരപരാധിയായ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞതായും അഭിഭാഷക വ്യക്തമാക്കി.
നുണപരിശോധനയെ കുറിച്ച് അഭിഭാഷക പറയുന്നതിങ്ങനെ:
കഴിഞ്ഞ ദിവസം നടന്ന നുണപരിശോധനയിൽ പത്ത് ചോദ്യങ്ങളാണ് സഞ്ജയിയോട് സി.ബി.ഐ ഉദ്യോഗസ്ഥർ ചോദിച്ചത്. എന്നാൽ കൊലപാതകശേഷം എന്തെല്ലാം ചെയ്തു എന്ന ചോദ്യത്തിന്, താൻ കൊലപാതകം ചെയ്യാത്തതിനാൽ ചോദ്യം അസാധുവാണെന്നായിരുന്നു പ്രതിയുടെ പ്രതികരണം.
അതുമല്ല താൻ സെമിനാർ ഹാളിലേക്ക് കടന്നപ്പോൾ അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വനിതാ ഡോക്ടറെ കണ്ടെന്നും പരിഭ്രാന്തനായ താൻ പെട്ടന്ന് തന്നെ മുറിക്ക് പുറത്തേക്ക് ഓടിയെന്നുമാണ് സഞ്ജയ് പറഞ്ഞത്.
താൻ നിരപരാധിയാണെങ്കിൽ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ലാ എന്ന ചോദ്യത്തിന്, താൻ പറഞ്ഞാൻ ആരും വിശ്വസിക്കില്ല എന്ന ഭയം തനിക്കുണ്ടായിരുന്നു എന്നായിരുന്നു മറുപടി.
അതേസമയം, കുറ്റവാളി മറ്റാരെങ്കിലും ആകാമെന്ന അവകാശവാദത്തിലാണ് പ്രതിയുടെ അഭിഭാഷക ഉറച്ചുനിൽക്കുന്നത്. സെമിനാർ ഹാളിലേക്ക് സഞ്ജയിക്ക് വളരെ എളുപ്പത്തിൽ പ്രവേശിക്കാൻ കഴിഞ്ഞെങ്കിൽ അത് തെളിയിക്കുന്നത് സുരക്ഷാവീഴ്ചയാണെന്നും, ഈ വീഴ്ച മറ്റാരെങ്കിലും ഉപയോഗപ്പെടുത്തിയതായിരിക്കാമെന്നും അഭിഭാഷക പറഞ്ഞു.
കഴിഞ്ഞ മാസം ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടർ ആർ.ജി. കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് ആഗസ്റ്റ് 10-ന് തന്നെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് പെട്ടന്ന് തന്നെ എത്തിയത്. അതേസമയം പ്രതിയുടെ ബ്ലൂടൂത്ത് ഹെഡ് സെറ്റും കൊലപാതകം നടന്ന സെമിനാർ ഹാളിൽനിന്ന് ലഭിച്ചിരുന്നു.
വനിതാ ഡോക്ടറുടെ ഈ ക്രൂര മരണത്തിന് പിന്നാലെ, സംസ്ഥാനത്തും രാജ്യമൊട്ടാകെയും വലിയ പ്രതിഷേധമിരമ്പി.
ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡോക്ടർമാർക്ക് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആർ.ജി. കറിലെയും മറ്റു മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ പണിമുടക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.