തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തെച്ചൊല്ലി സിപിഎം-സിപിഐ അഭിപ്രായ ഭിന്നത അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്നത്തെ എല്‍ഡിഎഫ് യോഗം ഏറെ നിര്‍ണായകമാകും.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്.അജിത്കുമാര്‍, ആര്‍എസ്എസ് ഉന്നതരെ കണ്ടതുമായി ബന്ധപ്പെട്ട വന്‍ രാഷ്ട്രീയവിവാദം എല്‍ഡിഎഫ് യോഗത്തില്‍ അതിശക്തമായി ഉയര്‍ത്താനാണ് സിപിഐയുടെ തീരുമാനം.
പാര്‍ട്ടി കേന്ദ്രനേതൃത്വവും അതിശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് വീട്ടുവീഴ്ച വേണ്ടെന്ന തീരുമാനം സിപിഐയില്‍ ഉണ്ടായത്.
ക്രമസമാധാനച്ചുമതലയില്‍നിന്ന് അജിത്കുമാറിനെ നീക്കണമെന്ന് സിപിഐ ശക്തമായി ആവശ്യപ്പെടും. തീരുമാനമില്ലെങ്കില്‍ കൂടുതല്‍ പ്രതികരണങ്ങളിലേക്ക് സിപിഐ നീങ്ങിയാല്‍ ഇടതുമുന്നണിയില്‍ വലിയ പൊട്ടിത്തെറികള്‍ക്കു തന്നെ വിഷയം കാരണമായേക്കാം.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചതും ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണെന്ന പ്രസ്താവനയും സിപിഐയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്.
പി.വി.അന്‍വറിന്റെ ആരോപണത്തിനു പിന്നാലെ മലപ്പുറത്തെ എസ്.പിയെയും എട്ട് ഡിവൈഎസ്പിമാരെയും കൂട്ടത്തോടെ വെട്ടിനിരത്തിയിട്ടും ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ സിപിഐ ആരോപണം ഉന്നയിക്കുന്ന എഡിജിപിയെ മുഖ്യമന്ത്രിയും സിപിഎമ്മും സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്.
നടപടി ഉണ്ടാകാതിരിക്കുന്നത് പാര്‍ട്ടിയുടെ ബലഹീനതയായി വിലയിരുത്തപ്പെടുമെന്നും അണികളോടു വിശദീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നേതാക്കള്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ എഡിജിപിയെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തിയേ തീരു എന്ന നിലപാട് സിപിഐ യോഗത്തില്‍ സ്വീകരിക്കും.
'ആര്‍എസ്എസ് ഉന്നതരെ ഊഴംവച്ചു കാണുന്നയാള്‍' എന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിശേഷിപ്പിച്ച എഡിജിപി എം.ആര്.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കണമെന്ന ആവശ്യമാകും ഇന്നത്തെ എല്‍ഡിഎഫ്, മന്ത്രിസഭാ യോഗങ്ങളിലെ പ്രധാന ചര്‍ച്ച.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് യോഗത്തില്‍ നിര്‍ണായകമാകും. തെളിവു ലഭിക്കട്ടെയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. രാവിലെയാണ് മന്ത്രിസഭാ യോഗം. ഇടതുമുന്നണി നേതൃയോഗം മൂന്നരയ്ക്കും.
അതേസമയം, സിപിഐ അതിശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടും അത് കണക്കിലെടുക്കാതെ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചതും സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണെന്ന ഷംസീറിന്റെ പ്രസ്താവനയില്‍ സിപിഐക്കു പുറമേ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.
വിഷയത്തില്‍ സ്പീക്കറുടെ നിലപാടിനെ ഭരണമുന്നറിയിലെ ഡപ്യൂട്ടി സ്പീക്കറും സിപിഐ നേതാവുമായ ചിറ്റയം ഗോപകുമാര്‍ തള്ളിയതും മുന്നണിയിലെ രൂക്ഷമായ ഭിന്നത തുറന്നുകാട്ടുന്നതായി.
പദവിക്കു യോജിക്കാത്ത പ്രസ്താവനയാണ് സ്പീക്കറുടേതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്പീക്കറെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു.
ആര്‍എസ്എസ് പ്രധാന സംഘടനയാണെന്നും അതിന്റെ നേതാവിനെ എഡിജിപി കണ്ടതില്‍ അപാകതയില്ലെന്നുമുള്ള സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയ്ക്കു പ്രാധാന്യം പാടില്ല. ഊഴംവച്ച് ആര്‍എസ്എസ് മേധാവികളെ അജിത്കുമാര്‍ കാണുന്നതെന്തിനെന്നും അറിയണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ഉത്തരം കിട്ടിയേ തീരൂ എന്ന നിലപാടാണ് ദേശീയ ജനറല്‍ സെക്രട്ടറി എ.രാജ സ്വീകരിച്ചത്. സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിന്റെ തുടര്‍ച്ചയായാണ് തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ പൂരം കലക്കിയതെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം സിപിഐ പൂര്‍ണമായി തള്ളിയിട്ടില്ല.
വി.എസ്.സുനില്‍കുമാര്‍ വിജയിക്കുമെന്ന പാര്‍ട്ടി ഉറപ്പിച്ചിരുന്ന തൃശൂരില്‍ അവസാനനിമിഷം പൊലീസിന്റെ ഇടപെടലില്‍ പൂരം കലങ്ങിയത് സിപിഐ സംശയത്തോടെയാണ് കാണുന്നത്.
എഡിജിപി എം.ആര്.അജിത്കുമാര്‍ അന്നേദിവസം തൃശൂരില്‍ ഉണ്ടായിട്ടും പ്രശ്ന പരിഹാരത്തിന് ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന ആക്ഷേപവും പാര്‍ട്ടിക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.