മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി.അന്‍വര്‍. താന്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കിയ അന്‍വര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് 20-25 സീറ്റുകൾ കിട്ടുന്ന സാഹചര്യമേ ഉള്ളൂവെന്നും പറഞ്ഞു.
'എല്‍ഡിഎഫ് വിട്ടെന്ന് മനസ്സ് കൊണ്ട് പറഞ്ഞിട്ടില്ല. വാ കൊണ്ട് അറിയാതെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് കത്ത് ലഭിക്കുന്നത് വരെ അതിലുണ്ടാകും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനൊപ്പം തന്നെയാണ് ഇപ്പോഴും. അവിടെ നിന്ന് മാറിനില്ക്കാന് പറഞ്ഞാല്‍ മാറിനില്‍ക്കും. ഞാന്‍ ആരേയും അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും ഈ സംവിധാനത്തേയും വരുംകാലങ്ങളില്‍ കീര്‍ത്തിപ്പെടുത്തണമെങ്കില്‍ ഇത് അന്വേഷിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. അല്ലെങ്കില്‍ 2026 തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം കിട്ടാത്ത സ്ഥാനാര്‍ഥികള്‍ എല്‍ഡിഎഫിനുണ്ടാകും. 20-25 സീറ്റുകള്‍ക്ക് മുകളില്‍ എല്‍ഡിഎഫിന് കിട്ടാത്ത സാഹചര്യമാണ് ഉള്ളത്' അൻവര്‍ പറഞ്ഞു.
അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളുകയാണെന്ന് മുഖ്യമന്ത്രി പ്രതകരിച്ചതിന് പിന്നാലെയായിരുന്നു ഇടത് എംഎൽഎയുടെ പ്രതികരണം.
'അന്വേഷണ സംഘത്തില്‍ ഡിജിപിയടക്കമുള്ള മുകള്‍തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോ കുഴപ്പമുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ താഴെത്തട്ടിലെ അന്വേഷണം വളരെ മോശമാണ്. മുഖ്യമന്ത്രി തന്നെ പുറത്ത് വിട്ട 188 കേസുകളില്‍ പത്ത് പേരെയെങ്കിലും വിളിച്ചന്വേഷിക്കേണ്ടെ. ഒരാളുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞ നാലഞ്ചുമാസമായി സ്വര്‍ണം കൊണ്ടുവന്നിരുന്ന കടത്തുകാരുമായി ബന്ധപ്പെട്ടിരുന്നു. അവരില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊതുസമൂഹത്തിന് മുന്നില്‍ പറഞ്ഞത്. അജിത് കുമാര്‍ എഴുതികൊടുത്ത് മുഖ്യമന്ത്രി വായിച്ച വാറോല അല്ല സത്യമെന്ന് പറഞ്ഞിട്ടുണ്ട്.
അന്‍വര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത്. സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കൂ. ഞാന്‍ കോടതിയെ സമീപിക്കാന്‍ പോകുകയാണ്. നികുതി വെട്ടിപ്പ്, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങി അജിത് കുമാറും ടീമും നടത്തിയ കാര്യങ്ങള്‍ കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് മാത്രം ബോധ്യമായില്ല.
ഹൈക്കോടതി തന്നെ സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കട്ടെ ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ടാണ് കോടതിയില്‍ പോകുക. പി.വി.അന്‍വറിന്റെ പങ്കും അന്വേഷിക്കട്ടെ' അന്‍വര്‍ പറഞ്ഞു.
'എല്ലാ പാര്‍ട്ടിയിലേയും നേതൃത്വം ചേര്‍ന്ന് ഒറ്റ കൂട്ടാണെന്നും അന്‍വര്‍ ഇന്നും ആവര്‍ത്തിച്ചു. യുവാക്കള്‍ മുഴുവന്‍ അന്തംവിട്ട് കുഴിമന്തിയും കഴിച്ച് ഫോണില്‍ കുത്തി നടക്കുകയാണ്. എങ്ങോട്ടാണ് ഈ രാജ്യം പോകുന്നതെന്ന് അവര്‍ക്ക് ധാരണയില്ല. കാലാകാലം കോഴിബിരിയാണിയും കഴിച്ച് കിടന്നുറങ്ങാമെന്ന ധാരണയാണ് അവര്‍ക്ക്. കേരളത്തെ വലിയൊരു ആപത്തിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ ഇന്നുള്ള മനുഷ്യരുടെ സ്നേഹം ഇല്ലായ്മ ചെയ്യാന്‍ യൂട്യൂബര്‍മാര്‍ ഇറങ്ങുന്നു. അതിന് നേതൃത്വം നല്കുന്ന ഷാജന് സ്കറിയയെ മഹത്വവല്‍ക്കരിക്കുന്നു. എന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് ഷാജന് സ്കറിയയ്ക്കെതിരെയുള്ളത്. എന്റെ കുറേ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിപ്പോള്‍ അയാളെ മഹത്വവത്കരിക്കുകയാണ്.
വഴിയില്‍നിന്ന് കയറിവന്നവനാണെന്നും പാര്‍ട്ടിക്ക് വിരുദ്ധമായി സംസാരിച്ചെന്നൊക്കെ മുഖ്യമന്ത്രി പറഞ്ഞതില്‍ വിഷമമില്ല. എന്നാല്‍ കള്ളന്മാരുടെ നേതാവാക്കി സമൂഹത്തിന് മുന്നില്‍ എന്നെ ഇട്ടു. വ്യക്തിപരമായി നിയമപരമല്ലാത്ത എന്തെങ്കിലും ആവശ്യം ശശിയോട് ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്തുകൊടുത്തില്ലെങ്കില്‍ പുറത്താക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതും വിഷമമുണ്ടാക്കി' അന്‍വര്‍ പറഞ്ഞു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്റെ പാര്‍ക്ക് തുറന്ന് കൊടുക്കാമെന്ന് പറഞ്ഞുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ടേബിളിന് മുകളിലുണ്ട്. വ്യക്തിപമായി കാര്യത്തിനാണ് ഇറങ്ങിയതെങ്കില്‍ മുഖ്യന്ത്രി അക്കാര്യം ഒപ്പിട്ടതിന് ശേഷം ഇതൊക്കെ തുറന്ന് പറഞ്ഞാല്‍ പോരായിരുന്നോയെന്നും അന്‍വര്‍ പറഞ്ഞു. സര്‍ക്കാരിന്റെ കണക്കില്‍ ഒരു പാരസിറ്റമോള്‍ പോലും എട്ട് വര്‍ഷത്തിനിടെ വാങ്ങിയിട്ടില്ല. എന്റെ രാഷ്ട്രീയം നിലമ്പൂരില്‍ അഞ്ചാം തീയതി വിശദീകരിക്കും. ഒരു പരസ്യവും ചെയ്യില്ല. ജനംവേണമെങ്കില്‍ വരട്ടെയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.