കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിധിപ്രസ്താവങ്ങൾ കേരള ഹൈക്കോടതിയിൽനിന്നുണ്ടായിട്ടുണ്ടെന്നു പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ നിതിൻ മധുകർ ജാംദാർ. ഇന്നലെ ഗവർണർക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലേയേറ്റ ചീഫ് ജസ്റ്റിസിനെ സ്വാഗതം ചെയ്യാൻ ഇന്ന് ഹൈക്കോടതി നടത്തിയ ഫുൾകോർട്ട് സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ കേരള ഹൈക്കോടതി മുൻപന്തിയിലാണ്. അതേസമയം, കെട്ടിക്കിടക്കുന്ന കേസുകളാണ് എല്ലാ കോടതികളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയും ഫലപ്രദമായ കേസ് മാനേജ്മെന്റ് സംവിധാനങ്ങളും ഉപയോഗിക്കലാണ് ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കോടതിക്കു പുറത്ത് മധ്യസ്ഥതയിലൂടെ പ്രശ്നങ്ങളിൽ തീർപ്പാക്കുന്ന പുതിയ നിയമം കോടതികൾക്കു മേലുള്ള സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണപ്രദവും വേഗത്തിലും കുറഞ്ഞ ചെലവിലും നീതി ഹർജിക്കാർക്ക് എത്രയും വേഗം ലഭ്യമാക്കുക എന്നതാണ് ജുഡീഷ്യൽ സംവിധാനത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, സംസ്ഥാന അഡ്വ. ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, കേരള ഹൈക്കോടതി അഡ‍്വ. അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ചീഫ് ജസ്റ്റിസ് ജാംദാറിന്റെ ഭാര്യ കാർത്തിക ജാംദാർ, ഹൈക്കോടതി ജഡ്ജിമാർ, മുതിർന്ന അഭിഭാഷകർ, കോടതി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.