കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിൽ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെയും പോലീസ് ചോദ്യംചെയ്യുന്നു.
കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍, ഒപ്പമുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടി എന്നിവരെയാണ് കൊല്ലം റൂറല്‍ എസ്.പി. പി.കെ.എം. സാബുവിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നത്.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും അറസ്റ്റിന്റെ വിശദാംശങ്ങളടക്കം വൈകാതെ അറിയിക്കാമെന്നും റൂറല്‍ എസ്.പി. മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലുള്ള അജ്മല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് റൂറല്‍ എസ്.പി. സ്ഥിരീകരിച്ചു. ചന്ദനക്കടത്ത്, വഞ്ചനാക്കേസ് ഉള്‍പ്പെടെയുള്ളവയിൽ ഇയാള്‍ പ്രതിയാണെന്നും എസ്.പി. പറഞ്ഞു.
അതിനിടെ, അജ്മല്‍ ഓടിച്ചിരുന്ന കാറില്‍ മൂന്നാമതൊരാള്‍കൂടി ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, അപകടം സംഭവിക്കുന്നതിന്റെ രണ്ട് കിലോമീറ്റര്‍ മുന്‍പുവെച്ച് ഇയാള്‍ കാറില്‍നിന്ന് ഇറങ്ങിയെന്നാണ് അജ്മലിന്റെ മൊഴി. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.
കഴിഞ്ഞദിവസം അജ്മലും വനിതാ ഡോക്ടറും മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഓണസദ്യ കഴിക്കാന്‍ പോയതായിരുന്നു. ഇവിടെനിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്.
താനും ഡോക്ടറും മദ്യപിച്ചിരുന്നതായി അജ്മല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വൈദ്യപരിശോധനയിലും ഇക്കാര്യം കണ്ടെത്തിയെന്നാണ് സൂചന. അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്ത്, വഞ്ചന, തട്ടിപ്പുകേസുകളിലും മയക്കുമരുന്ന് കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം.
തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ കൊല്ലത്തെ ആശുപത്രിയില്‍ ജോലിക്കെത്തിയശേഷമാണ് അജ്മല്‍ പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം വളര്‍ന്നു. തുടര്‍ന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായെന്നും പറയപ്പെടുന്നു.
കൊല്ലം ഇടക്കുളങ്ങര സ്വദേശിനിയുടെ പേരിലുള്ളതാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ദൃക്സാക്ഷികളുടെ വിശദമായ മൊഴി കൂടി രേഖപ്പെടുത്തിയശേഷം കേസില്‍ വനിതാ ഡോക്ടറെ പ്രതിചേര്‍ക്കുന്നകാര്യത്തില്‍ പോലീസ് അന്തിമതീരുമാനമെടുക്കുമെന്നാണ് വിവരം.
സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതാണ് പോലീസ് പരിശോധിക്കുന്നത്.
മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റിയിറക്കി സ്കൂട്ടര്‍ യാത്രക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഡോ. മായ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പുറത്താക്കിയതായി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
ആശുപത്രിയിലെ താത്കാലിക ഡോക്ടറായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.