സഖ്യകക്ഷികളുടെ എതിർപ്പ്; അഗ്നിപഥ് പദ്ധതിയിൽ പൊളിച്ചെഴുത്തിന് തയാറായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലോക്‌സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നതിൽ പ്രധാന തടസമെന്ന് പാർട്ടികേന്ദ്രങ്ങൾ വിലയിരുത്തിയിരുന്ന അഗ്നിപഥ് പദ്ധതിയിൽ കാര്യമായ പൊളിച്ചെഴുത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

അഗ്നിവീറുകളുടെ നിലനിർത്തൽ ശതമാനം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുളള കാര്യത്തിൽ അധികം വൈകാതെ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടുചെയ്യുന്നത്. 

മൂന്നാം മോദി സർക്കാരിനെ താങ്ങി നിറുത്തുന്ന ജെഡിയു ഉൾപ്പെടെയുളള കക്ഷികളും അഗ്നിവീർ പദ്ധതിയിൽ മാറ്റങ്ങൾ വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.

നിലവിൽ ഇരുപത്തഞ്ചുശതമാനം അഗ്നിവീറുകൾക്ക് മാത്രമാണ് നാലുവർഷത്തെ സേവന കാലയളവിന് ശേഷം തുടരുന്നതിന് അനുമതി ലഭിക്കുക. ഇത് 50 ശതമാനമാക്കി ഉയർത്തിയേക്കുമെന്നും ഇതുസംബന്ധിച്ച് കാര്യമായ കൂടിയാലോചനങ്ങൾ നടക്കുന്നുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

പോരാട്ടവീര്യം നിലനിറുത്താൻ 25 ശതമാനം എന്നത് വളരെ കുറവാണെന്നും അത് കൂട്ടണമെന്നും സൈന്യം തന്നെ കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പൊളിച്ചെഴുത്തിന് കേന്ദ്രം തയ്യാറെടുക്കുന്നത്. എന്നാൽ ഇത് എപ്പോൾ ഉണ്ടാകുമെന്ന് വ്യക്തമല്ല.

വിവിധ ലക്ഷ്യങ്ങളോടെ 2022 ലാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിപ്രകാരം നാലുവർഷത്തേക്കാണ് ആർമി, നേവി, എയർ ഫോഴ്സ് എന്നീ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ നിയമിച്ചിരുന്നത്. നാലുവർഷം കഴിയുമ്പോൾ ഇതിൽ 25 ശതമാനം പേരെ നിലനിറുത്തും. ബാക്കിയുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകി റിലീസ് ചെയ്യും.

തങ്ങളുടെ അഭിമാന പദ്ധതിയെന്നാണ് അഗ്നിപഥ് നടപ്പാക്കുന്നതിനെ രണ്ടാം മോദി സർക്കാർ വിശേഷിപ്പിച്ചത്. എന്നാൽ പദ്ധതിക്കെതിരെ ബീഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. 

ഉത്തരേന്ത്യയിലെ യുവാക്കളുടെ പ്രധാന ലക്ഷ്യമായിരുന്നു സൈനിക സേവനം. ഇതിന് അവരെ പരിശീലിപ്പിക്കുന്ന നിരവധി കേന്ദ്രങ്ങളും അവിടങ്ങളിൽ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാനം യുവാക്കളിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. അവസരം പ്രതിപക്ഷം പരമാവധി മുതലാക്കുകയും ചെയ്തു. 

ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനം നൽകിയിരുന്നു. തിരഞ്ഞെടുപ്പിലെ പ്രകടന പട്ടികയിലും ഇത് വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അഗ്നിപഥ് പദ്ധതിയോടുള്ള എതിർപ്പ് എത്രത്തോളം ഉണ്ടെന്ന് കേന്ദ്രത്തിന് മനസിലായി. പ്രതീക്ഷിച്ചിരുന്ന പല സീറ്റുകളിലും കനത്ത തോൽവിക്ക് യുവാക്കളുടെ എതിർപ്പ് കാരണമായെന്ന് പാർട്ടിക്ക് വ്യക്തമായി. 

ഇനിയും ഈ നിലയിൽ മുന്നോട്ടുപോയാൽ കാര്യങ്ങൾ കുഴപ്പത്തിലാകുമെന്നും വ്യക്തമായി. മാത്രമല്ല അഗ്നിവീർ പദ്ധതിയിൽ എത്രയും പെട്ടെന്ന് മാറ്റംവേണമെന്നാവശ്യപ്പെട്ട് ഘടകകക്ഷികൾ ഉൾപ്പെടെ സമ്മർദ്ദം ശക്തമാക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !