ന്യൂഡൽഹി: വെറും അഞ്ചുമാസങ്ങളുടെ ആയുസ്സേ ഉള്ളൂവെങ്കിലും ആരാകും ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി? രാജിവയ്ക്കുമെന്നു പറഞ്ഞ് അരവിന്ദ് കേജ്‌രിവാൾ നൽകിയ 48 മണിക്കൂർ നാളെ അവസാനിക്കും.
ഡൽഹി മദ്യനയക്കേസിൽ ആരോപണവിധേയനായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനവിഷയങ്ങളിൽ നിലപാടുകളെടുക്കുകയും ബിജെപി, കോൺഗ്രസ് തുടങ്ങി മറ്റു പ്രധാനപാർട്ടികളുടെ വിമർശനങ്ങൾ നേരിടുകയും ചെയ്യേണ്ടിവരുന്ന കരുത്തനായ മുഖ്യമന്ത്രിമുഖത്തെയാണ് പാർട്ടി തേടുന്നത്. ഒപ്പം പാർട്ടി അണികളിൽനിന്നുള്ള പിന്തുണയുണ്ടാവുകയും വേണം.
അതിഷി:- ഡൽഹി സർക്കാരിൽ വിദ്യാഭ്യാസം, പിഡബ്ല്യുഡി തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. വയസ്സ് 43. ഓക്സ്ഫഡിൽനിന്ന് സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദം. എഎപിയുടെ ഡൽഹി വിദ്യാഭ്യാസനയം നവീകരിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു.
കൽകജിയിൽനിന്നുള്ള എംഎൽഎ. മനീഷ് സിസോദിയയുടെ അറസ്റ്റിനു പിന്നാലെ മന്ത്രിയായി. കേജ്‌രിവാളും സിസോദിയയും ജയിലിൽ കഴിഞ്ഞപ്പോൾ അതിഷിയാണ് പാർട്ടിയെ നയിച്ചത്.
ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ ഡൽഹി സർക്കാരിന്റെ പരിപാടിയിൽ ത്രിവർണ പതാക ഉയർത്താൻ കേജ്‌രിവാൾ നിയോഗിച്ചത് അതിഷിയെ ആണ്.
ഡൽഹിയുടെ ലഫ്. ഗവർണർ വി.കെ. സക്സേന ഈ പദ്ധതി പൊളിച്ചെങ്കിലും അതിഷിക്ക് പാർട്ടിയിൽ വലിയ സ്ഥാനമുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു എഎപി നേതൃത്വത്തിന്റെ നിലപാട്.
സൗരഭ് ഭരദ്വാജ് ഗ്രേറ്റൽ:- കൈലാഷിൽനിന്നുള്ള മൂന്നുവട്ട എംഎൽഎ. കേജ്‌രിവാൾ സർക്കാരിൽ വിജിലൻസ്, ആരോഗ്യ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. സിസോദിയയുടെ അറസ്റ്റിനുശേഷമാണ് മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുൻപ് സോഫ്‌റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. ആദ്യത്തെ 49 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന സർക്കാരിൽ ഇദ്ദേഹവും മന്ത്രിയായിരുന്നു. എഎപിയുടെ ദേശീയവക്താവ്.
പ്രധാനനേതാക്കൾ ജയിലിൽ ആയിരുന്നപ്പോൾ പാർട്ടി നിലപാടുകൾ കൃത്യമായി പുറത്തുവിട്ടിരുന്ന നേതാക്കന്മാരിലൊരാളാണ്.
രാഘവ് ചദ്ദ:- എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ്, രാഷ്ട്രീയ കാര്യ കമ്മിറ്റി എന്നിവയിൽ അംഗം. 35 വയസ്സ്. രാജ്യസഭാംഗം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.
രാജിന്ദർ നഗറിൽനിന്നുള്ള എംഎൽഎയായിരുന്നു. 2022ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പാർലമെന്റിൽ എഎപിയുടെ നിലപാട് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.
‘കൈലാഷ് ഗഹ്‌ലോട്ട്:- ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ കേജ്‌രിവാൾ സർക്കാരിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാൾ.
ഗതാഗതം, ധനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു. 50 വയസ്സ്. 2015 മുതൽ ഡൽഹിയിലെ നജഫ്ഗഡ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ.
സഞ്ജയ് സിങ് :- 2018 മുതൽ രാജ്യസഭാ എംപി. 52 വയസ്സ്. എഎപിയുടെ പ്രധാന മുഖങ്ങളിലൊന്ന്. പാർലമെന്റിലെ ശക്തമായ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയൻ.
എഎപിയുടെ സ്ഥാപക നേതാക്കളിലൊരാൾ. ദേശീയ എക്സിക്യൂട്ടീവ്, രാഷ്ട്രീയ കാര്യ സമിതികളിൽ അംഗം.
പ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് മാധ്യമങ്ങളെ അറിയിക്കുന്നവരിൽ പ്രധാനി. മദ്യനയക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണിപ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.