തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് മന്ത്രിയാകും.
ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവർ തലസ്ഥാനത്ത് മുഖ്യമന്ത്രിയെ കാണാനിരുന്നതാണെങ്കിലും പിണറായിയുടെ തിരക്ക് മൂലം അതിനു സാധിച്ചില്ല. പിബി യോഗത്തിനുശേഷം 29നേ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തൂ.
എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടു ചർച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ മൂന്നു നേതാക്കളോടും നിർദേശിച്ചത്. ശശീന്ദ്രന് തന്നെ നീക്കുന്നതിനോട് യോജിപ്പില്ല. തനിക്കൊപ്പം നിൽക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
പാർട്ടിയിൽ രണ്ടഭിപ്രായമുണ്ടെന്നു വന്നാൽ തീരുമാനം സിപിഎം നീട്ടുമെന്ന് ശശീന്ദ്രൻ കരുതുന്നു. ശരദ് പവാറിന്റെയും പി.സി.ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്ന് തോമസ് കെ.തോമസും പ്രതീക്ഷിക്കുന്നു.
രണ്ടാം പിണറായി സർക്കാരിൽ രണ്ടര വർഷം പൂർത്തിയാക്കുന്ന ശശീന്ദ്രൻ ഒഴിയണമെന്നാണ് തോമസ് കെ.തോമസിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാർട്ടിയിൽ പിന്തുണ ലഭിച്ചിരുന്നില്ല. ശശീന്ദ്രനെ അനുകൂലിച്ചിരുന്ന പി.സി.ചാക്കോ തോമസിനൊപ്പമായതോടെയാണ് മന്ത്രിമാറ്റ ചർച്ചകൾ സജീവമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.