കൊച്ചി: അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം ഇന്ന് ലിസി ആശുപത്രിയിൽ തന്നെ സൂക്ഷിക്കും. സംസ്കാരം നാളെ വൈകീട്ട് വീട്ടുവളപ്പിലാണ് നടത്തുക.
ഇതിനു മുമ്പായി കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളില്‍ പൊതുദർശനത്തിന് വെക്കും. രാവിലെ 9 മുതൽ 12 വരെയാണ് പൊതുദർശനം.
ആലുവ കരുമാല്ലൂരില്‍ പെരിയാറിന്റെ തീരത്ത് ശ്രീപാദം എന്ന വീട്ടിലാണ് കവിയൂർ പൊന്നമ്മ താമസിച്ചു വന്നിരുന്നത്.
അതെസമയം കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. "വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയത്," അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മയെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. ഗായികയായി തുടങ്ങി നാടകങ്ങളിലൂടെ സിനിമയിൽ സജീവമായ അവർ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അമ്മ വേഷങ്ങളിൽ നിറഞ്ഞു നിന്നപ്പോഴും അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനും അവർക്ക് സാധിച്ചു.
കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
20ാം വയസ്സിലാണ് കവിയൂർ പൊന്നമ്മ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി.
14ാം വയസ്സിൽ തന്നെ നാടകത്തിൽ ഗാനം ആലപിച്ച് അവർ രംഗത്ത് വന്നിരുന്നു.. മധുവിന്റെയും അമ്മയായി വേഷമിട്ട് സിനിമയിൽ ആ ചെറുപ്രായത്തിൽ അവർ കാണികളെ ഞെട്ടിച്ചു.
അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും വാസനയുണ്ടായിരുന്നു കവിയൂർ പൊന്നമ്മയ്ക്ക്.
സിനിമയിൽ ചില ഗാനങ്ങൾ ആലപിക്കുകയും ചെയ്തു അവർ. 1960കള്‍ മുതല്‍ 2022 വരെയുള്ള വരെ വളരെ സജീവമായിരുന്നു കവിയൂർ പൊന്നമ്മ സിനിമയിൽ. പിന്നീട് ആരോഗ്യ പ്രശ്നങ്ങളാൽ അവർ മാറി നിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.