തിരുവനന്തപുരം: പൊലീസിനും പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഇടതുപക്ഷ എംഎല്‍എ തന്നെ അതീവഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ജില്ലാതല പ്രതിഷേധം സംഘടിപ്പിക്കും.
മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
മുഖ്യമന്ത്രി മാഫിയ സംരക്ഷകനും അദ്ദേഹത്തിന്റെ ഓഫിസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമാണ്. എല്‍ഡിഎഫിന്റെ തന്നെ എംഎല്‍എ ഉന്നയിച്ച ആക്ഷേപങ്ങള്‍ കേരള പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്.
ആരോപണവിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്. സ്വന്തം ഓഫിസിലും വകുപ്പിനും കീഴെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും തിരിച്ചറിയാനും നിയന്ത്രിക്കാനും മുഖമന്ത്രിക്ക് കഴിയുന്നില്ല.
സ്വർണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ ആരോപണവിധേയമാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്നതു കൊണ്ടാണു ഗുരുതര ആരോപണം നേരിടുന്ന എഡിജിപി സർവശക്തനായി തുടരുന്നത്.
മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്. കേരള പൊലീസിന്റെ പ്രവര്‍ത്തനം അധോലോക മാഫിയയുടേതിന് സമാനമാക്കി മാറ്റിയ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല.
ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം സാധ്യമാകണമെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും എം.ലിജു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.