തുടര്‍ച്ചയായ ആരോപണങ്ങൾക്കിടയിൽ പിണറായി വിജയൻ പാർട്ടിയിൽ ഒറ്റപ്പെടുന്ന സാഹചര്യം;സിപിഎമ്മിന്റെ സൈബർ പോരാളികളും മൗനം

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാരും സിപിഎമ്മും. വിഷയത്തിൽ ഘടക കക്ഷിയായ സിപിഐ ഉൾപ്പടെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയാണ്.

മാത്രമല്ല. ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയുമായി അജിത്കുമാർ രണ്ടു തവണ കൂടിക്കാഴ്ച നടത്തിയ സംഭവത്തിലുള്ള അമർഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പരസ്യമാക്കി.

എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഉദ്ദേശം പുറത്തുവരേണ്ടതുണ്ടെന്ന എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനും തുറന്നടിച്ചതോടെ കുന്തമുനകൾ സർക്കാരിലേക്കും മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണെന്നും വ്യക്തം.

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ എൽഡിഎഫിൽ അതൃപ്തി പുകയുന്നുവെന്നതിന്റെ സൂചന കൂടിയാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. ഇതോടെ അജിത്കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്ന് നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായേക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഇടയാക്കിയ തൃശൂർ പൂരം കലക്കലിന് പിന്നിൽ അജിത് കുമാറാണെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണം ശരിവയ്ക്കുന്ന സാഹചര്യത്തെളിവുകൾ സിപിഐയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. 

സിപിഎമ്മുമായി ചേർന്ന് നിന്നാൽ അസ്തിത്വം നഷ്ടപ്പെടുമെന്നും, വീണ്ടും യുഡിഎഫിൽ ചേരുന്നതാണ് അഭികാമ്യമെന്നും സിപിഐ ജില്ലാ കൗൺസിലുകളിൽ ഉയർന്ന ഒറ്റപ്പെട്ട ശബ്ദം, സംസ്ഥാന നി‌ർവാഹക സമിതി യോഗത്തിൽ കൂട്ടായി ഉയർന്നതിലും സിപിഎം അപകടം മണക്കുന്നു.

നിശബ്ദത തുടരുന്ന കേരള കോൺഗ്രസ് മാണിയുൾപ്പെടെ മുന്നണിയിലെ മറ്റ് ഘടക കക്ഷികൾക്കും സർക്കാരിന്റെ പോക്കിൽ അമർഷമുണ്ട്. ബുധനാഴ്ചത്തെ എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിക്കാനുള്ള തയാറെടുപ്പിലാണിവർ. മാത്രമല്ല, സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ ആഭ്യന്തരവകുപ്പിന് നേരെ ഉയരുന്ന രൂക്ഷവിമർശനം വലിയ ചർച്ചയാകുന്നുണ്ട്. 

പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും നേരേ വിമർശനങ്ങൾ ഉയർത്തുന്നത്. എംഎൽഎ മുകേഷിനു നേരെ പരാതികൾ വന്നിട്ടും എന്തിനാണ് സംരക്ഷിക്കുന്നതെന്ന ചോദ്യവും ഉയരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയവും അണികൾ കുറ്റപ്പെടുത്തുന്നത് സർക്കാരിനെയാണ്. ഇതു ചെന്നുതറക്കുന്നതും പിണറായിയുടെ നേർക്കാണ്. അൻവറിന്റെ ആരോപണങ്ങൾ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടിന് തെളിവായി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്കൊപ്പം വിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും ശക്തമായി വിമർശിക്കപ്പെടുന്നുണ്ട്.

ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തിൽ കുറ്റം സർക്കാരിൽ ചാരുകയായിരുന്നു ഇന്നലെ എംവി ഗോവിന്ദൻ. ആര് ആരെക്കണ്ടാലും അതൊന്നും പാർട്ടിയെ ബാധിക്കില്ലെന്നായിരുന്നു ഗോവിന്ദൻ പറഞ്ഞത്. 

കൂടിക്കാഴ്ചയിൽ സിപിഐ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, തങ്ങൾ ഇതുവരെ പറഞ്ഞതെല്ലാം തൃപ്തിയോടെയാണെന്ന് കരുതുന്നുണ്ടോ എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്ന വഴിവിട്ട പ്രവൃത്തികൾ ചെയ്യുന്നവരെ സർക്കാർ എന്തിന് സംരക്ഷിക്കുന്നുവെന്ന ചോദ്യം പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ പരക്കെ ഉയരുന്നുമുണ്ട്. അതിനിടെ എഡിജിപി അജിത് കുമാറിന് നാല് ദിവസത്തെ അവധി സർക്കാർ അനുവദിച്ചതും വിവാദമായി. കൊടും കുറ്റവാളിയായ അജിത്കുമാർ അവധിയിൽ പ്രവേശിക്കുന്നത് അന്വേഷണം അട്ടിമറിക്കാനെന്ന് പിവി അൻവറും ആരോപിച്ചിരുന്നു.

അതേസമയം, വിവാദങ്ങൾ സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും ആളിക്കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും മൗനത്തിലാണ്. വയനാട് ദുരന്തത്തിന് പിന്നാലെ ചില വാർത്താസമ്മേളനങ്ങൾ നടത്തിയ മുഖ്യമന്ത്രി ഇതുവരെയായിട്ടും പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ ബിജെപി ബന്ധത്തെക്കുറിച്ചോ പ്രതികരിക്കാൻ തയ്യാറായില്ല.

ഇതിനിടെ ആരോപണങ്ങൾ വരിവരിയായി പ്രവഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിൽ ഒറ്റപ്പെട്ട സാഹചര്യത്തിലാണ്. മുൻകാലങ്ങളിൽ സ്വന്തം ജില്ലയായ കണ്ണൂരിലെ നേതാക്കളടക്കം മുഖ്യമന്ത്രിക്ക് കവചമൊരുക്കാൻ മുന്നിൽ നിൽക്കുമെങ്കിലും ഇപ്പോൾ ഒരു നേതാവും കാര്യമായി രംഗത്തെത്തിയിട്ടില്ല. 

സിപിഎമ്മിന്റെ സൈബർ പോരാളികളും മൗനത്തിന്റെ മട്ടാണ് സ്വീകരിക്കുന്നത്. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അമർഷം പങ്കുവച്ചുള്ള പോസ്റ്റുകൾ സൈബറിടത്തിൽ കറങ്ങി നടക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !