ഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി' ഒരു പടികൂടി കടന്ന് കേന്ദ്ര സർക്കാർ. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഇതോടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്.ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ്.
അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
സംവിധാനത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദിസർക്കാരിൻ്റെ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും തുടർന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനും നിർദേശിച്ചുകൊണ്ടാണ് കോവിന്ദ് സമിതി കഴിഞ്ഞ മാർച്ചില്‍ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
ഈ റിപ്പോർട്ടിനാണ് കേന്ദ്ര സർക്കാർ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
മൂന്നാം മോദി സർക്കാരിന് തീരുമാനം നടപ്പാക്കുന്നതിന് ഘടകകക്ഷികളുടെ പിന്തുണ ആവശ്യമാണ്. ആശയത്തെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍-യു ദേശീയ വർക്കിങ് പ്രസിഡന്റും രാജ്യസഭാ എം.പി.യുമായ സഞ്ജയ് ഝായും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
അങ്ങനെ വിഷയം സംബന്ധിച്ച് എൻഡിഎയിലെ വെല്ലുവിളി ഒഴിഞ്ഞതോടെയാണ് മന്ത്രിസഭയുടെ അംഗീകാരം വന്നിരിക്കുന്നത്.
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരുമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഈ ഭരണഘടനാ ഭേദഗതികള്‍ക്കാവശ്യമായ അംഗബലം ലോക്സഭയിലോ രാജ്യസഭയിലോ നരേന്ദ്രമോദിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.